
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മഹാമാരിക്കെതിരായ വാക്‌സിനേഷൻ യജ്ഞത്തിലാണ് ഇന്ന് രാജ്യം. വാക്‌സിൻ സ്വീകരിക്കുന്നതോടൊപ്പം തന്നെ പ്രധാനമാണ് വാക്‌സിൻ സ്വീകരിച്ചവർ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടത്. കൊറോണ വൈറസ് ബാധയേൽക്കാൻ സാദ്ധ്യത കുറവുള്ള വ്യക്തിയാണ് എന്ന് തെളിയിക്കുന്നതിനൊപ്പം പൊതു ഇടങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാനും സംസ്ഥാനവും രാജ്യവും വിട്ടുള്ള യാത്രകൾക്കും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇനി ആവശ്യമാണ്.
കോവിൻ ആപ്പ്/വെബ്‌സൈറ്റ് മുഖേനയും ആരോഗ്യസേതു ആപ്പ് വഴിയുമായിരുന്നു ഇതുവരെ വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ ഇനി മുതൽ വാട്സ്ആപ്പ് മുഖേനയും വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. മൈഗോവ് കൊറോണ ഹെൽപ്‌ഡെസ്‌ക് വാട്സ്ആപ്പ് (MyGov Corona HelpDesk WhatsApp) ചാറ്റ്ബോട്ട് വഴിയാണ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക.
വാക്‌സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യാൻ ആദ്യം മൈഗോവ് കൊറോണ ഹെൽപ്‌ഡെസ്ക് വാട്ട്‌സ്ആപ്പ് നമ്പറായ +91 9013151515 നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. വാട്സ്ആപ്പ് തുറന്ന് മേല്പറഞ്ഞ നമ്പറിലെ ചാറ്റ് ബോക്‌സ് തുറന്ന് Download എന്ന് ടൈപ്പ് ചെയ്ത് അയക്കുക. വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ആറക്ക ഓടിപി നമ്പർ എസ്എംഎസ് ആയി അയയ്ക്കും.
ഈ നമ്പർ വാട്സ്ആപ്പ് ചാറ്‌ബോക്‌സിൽ ടൈപ്പ് ചെയ്യുക.
രെജിസ്റ്റർ ചെയ്ത നമ്പറിൽ ഒന്നിൽ കൂടുതൽ പേരുകളുണ്ടെങ്കിൽ ഓരോ പേരിനും ക്രമനമ്പർ നൽകും. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട വ്യക്തിയുടെ നമ്പർ ടൈപ്പ് ചെയ്ത് അയക്കുക. പിഡിഎഫ് ഫയലായി വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ഉടൻ ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല