1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2020

സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായതായി നിര്‍മാതാക്കളായ യു.എസ് കമ്പനി ഫൈസര്‍. ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ ആദ്യമായാണ് അവര്‍ കമ്പനിക്ക് പുറത്തുള്ള വിദഗ്ധരുമായി പങ്കുവെക്കുന്നത്. കൊവിഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ക്കായി ലോകം കാതോര്‍ത്തിരിക്കെയാണ് ഫൈസറിന്റെ വെളിപ്പെടുത്തല്‍. മുമ്പ് കൊവിഡ് ബാധിക്കാത്തവരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ രോഗബാധ തടയുന്നതില്‍ വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. മീസില്‍സ് അടക്കമുള്ളവയ്‌ക്കെതിരെ കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സിനുകള്‍ പോലെതന്നെ ഫലപ്രദമാണ് കൊവിഡ് വാക്‌സിന്‍. സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കമ്പനി പറയുന്നു.

രണ്ട് ഡോസ് വാക്‌സിന് അടിയന്തര അനുമതി തേടി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ ഈ മാസം അവസാനം തന്നെ സമീപിക്കാനാണ് ഫൈസര്‍ ഒരുങ്ങുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. രണ്ടാമത്തെ ഡോസ് എടുത്തുകഴിഞ്ഞ് ഏഴ് ദിവസത്തിനകം വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്ക് കൊവിഡ് 19 ബാധയില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പരീക്ഷണങ്ങളില്‍ വ്യക്തമായിട്ടുള്ളത്.

43,000ത്തിലധികം വോളന്റിയര്‍മാരില്‍ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളോ മരുന്നെന്ന പേരില്‍ മറ്റു വസ്തുവോ നല്‍കി നടത്തിയ പരീക്ഷണത്തില്‍ 94 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ പത്ത് ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ മരുന്നെന്ന പേരില്‍ മറ്റു വസ്തുക്കള്‍ നല്‍കിയവരില്‍ 90 ശതമാനത്തിനും കൊവിഡ് ബാധിച്ചുവെന്ന് കമ്പനി പറയുന്നു.

ഫൈസറും ബയോണ്ൺക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്റെ ജൂലായ് 27 ന് തുടങ്ങിയ മൂന്നാംഘട്ട പരീക്ഷണങ്ങളില്‍ 43,538 പേരാണ് പങ്കാളികളായത്. വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരാണ് അമേരിക്കയിലും രാജ്യാന്തര തലത്തിലും നടത്തിയ പരീക്ഷണങ്ങളുമായി സഹകരിച്ചത്. കൊവിഡ് മഹാമാരിക്ക് അറുതിവരുന്നാനുള്ള മുന്നേറ്റമാണ് തങ്ങള്‍ നടത്തിയിട്ടുള്ളതെന്നാണ് ഫൈസറിന്റെ അവകാശവാദം.

ആയിരക്കണക്കിന് പേരില്‍ തുടരുന്ന പരീക്ഷണങ്ങളുടെ ഫലം വരുന്ന ആഴ്ചകളില്‍ പുറത്തുവിടുമെന്നും കമ്പനി പറയുന്നു. വൈറസ് ബാധയില്‍നിന്ന് വാക്‌സിന്‍ ദീര്‍ഘകാല സംരക്ഷണം നല്‍കുമോ, ഒരിക്കല്‍ വൈറസ് ബാധിച്ചവര്‍ക്ക് വീണ്ടും കൊവിഡ് ബാധിക്കാതെ സംരക്ഷിക്കുമോ എന്നകാര്യങ്ങളിലും ഫൈസറിന്റെ പരീക്ഷണങ്ങള്‍ തുടരുകയാണ്.

മൂന്നാംഘട്ട പരീക്ഷണത്തിന്റെ ആദ്യ ഫലങ്ങളാണ് കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നതെന്ന് ഫൈസര്‍ ചെയര്‍മാനും സിഇഒയുമായ ആല്‍ബര്‍ട്ട് ബൗള പ്രസ്താവനയില്‍ അവകാശപ്പെട്ടു. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ പ്രതീക്ഷ നല്‍കുന്ന ഫലം പുറത്തുവിടുന്ന ആദ്യ കമ്പനിയാണ് ഫൈസര്‍. റെക്കോര്‍ഡ് വേഗത്തിലാണ് അവരുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള നാലെണ്ണമടക്കം 11 കൊവിഡ് 19 വാക്‌സിനുകളാണ് നിലവില്‍ അവസാനഘട്ട പരീക്ഷണത്തിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.