
സ്വന്തം ലേഖകൻ: കൊവിഡിനെതിരേ പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത അസ്ട്ര സെനക കോവിഷീല്‍ഡ് വാക്സിന്റെ ആദ്യബാച്ച് കുവൈത്തിലെത്തി. രണ്ടുലക്ഷം ഡോസ് കോവിഷീല്‍ഡ് കോവിഡ് വാക്സിനാണ് ഇന്നു വെളുപ്പിനെ കുവൈത്തിലെത്തിയതെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം അറിയിച്ചു. ഈ മാസം തന്നെ അടുത്ത ബാച്ചിലായി 8ലക്ഷം ഡോസുകള്‍ ഇന്ത്യയില്‍ നിന്ന് എത്തുന്നുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്ന ദുബായിലേക്കും ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിന് എത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് എയര്‍ഇന്ത്യ കാര്‍ഗോ വിമാനത്തില്‍ വാക്സിന് ദുബായ് വിമാനത്താവളത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ വിദേകാര്യ മന്ത്രി എസ്. ജയ്ശങ്കര് ട്വിറ്ററില്‍ പങ്കുവച്ചു. “ഇന്ത്യന്‍ നിര്‍മിത വാക്സിന് ദുബായിലെത്തി. ഒരു പ്രത്യേക സുഹൃത്ത്, ഒരു പ്രത്യേക ബന്ധം,“ ജയ്ശങ്കര് ട്വിറ്ററില്‍ കുറിച്ചു.
ഉറ്റ സുഹൃത്തിനെ പിന്തുണയ്ക്കുന്നതില്‍ എല്ലായ്പ്പോഴും സന്തോഷമുണ്ടെന്നും ആരോഗ്യസംരക്ഷണത്തില്‍ ഇന്ത്യ-യുഎഇ പങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമെന്നും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന് കപൂര്‍ പ്രതികരിച്ചു. അടുത്തിടെ ഒമാനിലേക്ക് ഒരു ലക്ഷം ഡോസ് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിന് എത്തിച്ചിരുന്നു. അസ്ട്രാസെനക കോവിഷീല്‍ഡ് വാക്സിനാണ് വിതരണം ചെയ്യുന്നത്.
ആഗോളതലത്തില്‍ ഏറ്റവും വലിയ മരുന്നു നിര്‍മാണ രാജ്യവും ലോകത്തിന്റെ മരുന്നുശാലയെന്നുമാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്. മറ്റു രാജ്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന മരുന്നുകളും വാക്സിനുകളും വന്‍തോതില്‍ നിര്‍മിക്കുന്നതിനും പായ്ക്കു ചെയ്യുന്നതിനും ഇന്ത്യക്കു സംവിധാനമുണ്ട്. അതോടൊപ്പം ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുക്കുന്ന വാക്സിനുകള്‍ക്കും ആഗോളതലത്തില്‍ വലിയ ഡിമാന്‍ഡാണ്.
കഴിഞ്ഞ മാസം 16 മുതല്‍ നടത്തിയ 15 ദിവസത്തെ വാക്സിനേഷന് യജ്ഞത്തില്‍, ആഗോളതലത്തില്‍ കൊവിഡിനെതിരേ പോരാടുന്ന 40 ലക്ഷത്തോളം മുന്നണിപോരാളികള്‍ക്ക് മരുന്ന് എത്തിക്കുന്നതിന് ഇന്ത്യക്കു സാധിച്ചിട്ടുണ്ട്. ”സാര്‍വേ സന്തു നിരാമയ” എന്ന പുരാതന സംസ്കൃത മന്ത്രമാണ് കോവിഷീല്‍ഡ് വാക്സിനില്‍ ആലേഖനം ചെയ്തിരിക്കുന്നത്. രോഗങ്ങളില്‍നിന്ന് എല്ലാവരും മോചിതരാകട്ടെയെന്നാണ് ഇതിനര്‍ഥം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല