
സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച പുതിയതരം കോവിഡ് വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചതോടെ നിരവധി പ്രവാസികൾ കുടുങ്ങി. ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവിസ് ഇല്ലാത്തതിനാൽ അവധിക്ക് നാട്ടിലെത്തിയശേഷം തിരിച്ചുവരുന്നതിനായി രണ്ടാഴ്ച യു.എ.ഇയിൽ തങ്ങിയ ശേഷമായിരുന്നു സൗദിയിലേക്ക് മടങ്ങിയിരുന്നത്.
കുവൈത്തിലേക്ക് നേരിട്ട് വിമാന സർവിസ് ഇല്ലാത്തതിനാൽ ഇടത്താവളമായ യു.എ.ഇ, തുർക്കി, ബഹ്റൈൻ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ എത്തിയ നിരവധി പേരുണ്ട്. രണ്ടാഴ്ച ഇവിടങ്ങളിൽ താമസിച്ച ശേഷം കുവൈത്തിലേക്ക് വരാമെന്ന് കരുതിയിരുന്നവർക്ക് അധിക ദിവസങ്ങൾക്ക് ഭക്ഷണത്തിനും താമസത്തിനും വക കണ്ടെത്താൻ പ്രയാസപ്പെടും.
യാത്രക്കാരിൽ പലരും 15 ദിവസത്തെ പാക്കേജിലാണ് യു.എ.ഇയിൽ എത്തിയത്. അത് കഴിയുന്നതോടെ പലർക്കും അത്യാവശ്യ കാര്യങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുകയാണ്. ഐ.സി.എഫിെൻറ കീഴിൽ ആരംഭിച്ച ഹെൽപ് ഡെസ്ക്കിൽ 24 മണിക്കൂറിനകം 400ൽപരം അന്വേഷണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇത് വിഷയത്തിെൻറ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തുന്നുണ്ട്. താമസ സൗകര്യം, ഭക്ഷണം, മരുന്ന് എന്നിവക്ക് പലരും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. നിലവിൽ ഒരാഴ്ചത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയതെങ്കിലും വീണ്ടും ദീർഘിപ്പിക്കാൻ സാധ്യത ഉള്ളതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.
നിലവിൽ ജനുവരി ഒന്നു വരെയാണ് കുവൈത്തിൽ വിമാനത്താവളം അടച്ചിടുക. എങ്കിലും അപ്പോഴത്തെ സ്ഥിതി വിലയിരുത്തി നീട്ടാനുള്ള സാധ്യത തള്ളാനാവില്ല. ഇതിനിടക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളും അടക്കുകയാണെങ്കിൽ തിരിച്ചുപോക്കും പ്രയാസത്തിലാവും. വിമാന ടിക്കറ്റ് നിരക്ക് വർധന സംബന്ധിച്ചും ആശങ്കയുണ്ട്. വിസ കാലാവധി കഴിയാറായതിനാൽ വൈകാതെ കുവൈത്തിൽ തിരിച്ചെത്തൽ അനിവാര്യമായ നിരവധി പേരുണ്ട്.
അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് യാത്രക്ക് തയാറെടുത്ത് വിമാന ടിക്കറ്റ് എടുത്ത നിരവധി പേരും പ്രതിസന്ധിയിലായി.കുവൈത്തിലെ ബിസിനസും ജോലിയും പ്രതിസന്ധിയിലായി മറ്റുള്ളവരുടെ സഹായത്താൽ ടിക്കറ്റ് എടുത്തവരും വിമാന സർവിസ് നിർത്തിയതോടെ പ്രതിസന്ധിയിലായിട്ടുണ്ട്. ഫോൺ കണക്ഷൻ വരെ റദ്ദാക്കി ഇവിടുത്തെ ഇടപാടുകളെല്ലാം തീർന്ന് തിങ്കളാഴ്ച രാത്രി യാത്രക്ക് തയാറായവരും കുടുങ്ങി.
മുറി ഒഴിഞ്ഞു കൊടുത്തവരുമുണ്ട്. മുന്നറിയിപ്പില്ലാതെയുള്ള വിമാനത്താവളം അടക്കൽ പ്രഖ്യാപനം കനത്ത പ്രതിസന്ധിയാണ് ഇവർക്ക് മുന്നിൽ സൃഷ്ടിച്ചത്. ഇനിയെന്ത് ചെയ്യുമെന്ന് ഇവർക്ക് ഒരു രൂപവുമില്ല. പത്തുദിവസം എങ്ങനെയെങ്കിലും പിടിച്ചുനിന്നാലും ജനുവരി ഒന്നിന് വിലക്ക് നീക്കുമെന്ന് ഉറപ്പില്ല. അന്താരാഷ്ട്ര തലത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഭാവി തീരുമാനം.
ഒമാനാകട്ടെ ചൊവ്വാഴ്ച പുലർച്ച ഒരുമണി മുതലാണ് രാജ്യത്തേക്കുള്ള കര, വ്യോമ, കടൽ അതിർത്തികൾ അടച്ചത്. ഒരാഴ്ചത്തേക്കാണ് അടച്ചിടൽ. ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. ചരക്ക് വിമാനങ്ങൾ, ചരക്ക് കപ്പലുകൾ, ട്രക്കുകൾ തുടങ്ങിയവയെ വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തേ കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മാർച്ച് അവസാനം ഒമാൻ കര, വ്യോമ, നാവിക അതിർത്തികൾ അടച്ചിരുന്നു. തുടർന്ന് മേയ് മാസത്തിലാണ് വന്ദേഭാരത്, ചാർേട്ടഡ് വിമാനങ്ങൾക്കായി വിമാനത്താവളം തുറന്നത്.
നിരവധി പേരാണ് അത്യാവശ്യ കാര്യങ്ങൾക്കും അവധിക്കുമായി അടുത്ത ദിവസങ്ങളിൽ നാട്ടിൽ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. നാട്ടിൽ നിന്ന് നിരവധി പേർ തിരികെ വരാനുമുണ്ട്. ഇവർ യാത്രാവിലക്ക് നീളുമോയെന്ന വലിയ ആശങ്കയിലാണുള്ളത്. ടിക്കറ്റ് നീട്ടുന്നതടക്കം കാര്യങ്ങളുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികളിൽ അന്വേഷണ പ്രവാഹമാണ്. ഒമാൻ സർക്കാറിെൻറ പൊതുമാപ്പിൽ അപേക്ഷിച്ച് അനുമതി ലഭിച്ചവരും മടങ്ങാനുണ്ട്. ഇങ്ങനെ അടുത്ത ദിവസങ്ങളിലെ യാത്രകൾക്കായി പി.സി.ആർ പരിശോധനക്ക് വിധേയരായവരുടെ പണം നഷ്ടമാകും.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല