
സ്വന്തം ലേഖകൻ: കേരളത്തിൽ കൊറോണ വെെറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതോടെ ഇവയെ ചെറുക്കാൻ നിലവിൽ ഉപയോഗിക്കുന്ന ഒറ്റ മാസ്ക് മതിയാവില്ലെന്നും ഡബിൾ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
2021 ഫെബ്രുവരിയിൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) ആണ് ഇത്തരത്തിൽ ഡബിൾ മാസ്ക് എന്ന പുതിയ മാർഗനിർദേശം കൊണ്ടുവന്നത്. മാസ്ക് ഫിറ്റായി ധരിക്കുന്നതുവഴി വായു ചോർന്നുപോകുന്നത് തടയാനും മാസ്കിന്റെ എണ്ണം കൂട്ടി ഫിൽട്രേഷൻ മെച്ചപ്പെടുത്താനുമാണ് ഈ രീതി ശുപാർശ ചെയ്തത്. ഇരട്ട മാസ്ക് ഉപയോഗിക്കുന്നതു വഴി രോഗം ബാധിച്ച വ്യക്തിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും വെെറസ് നിറഞ്ഞ വായുവോ സ്രവമോ പുറത്തേക്ക് പടരാതെ തടയാനാകും.
ഉപയോഗിക്കുന്ന വ്യക്തിയുടെ മുഖത്തോട് പരമാവധി ചേർന്നുനിൽക്കുന്ന രീതിയിൽ മാസ്ക് ധരിക്കണം. മാസ്ക് മുഖത്തിന് ശരിയായ രീതിയിൽ ഫിറ്റ് അല്ലാതെ ധരിച്ചാൽ മാസ്ക്കിനും മുഖത്തിനും ഇടയിൽ വിടവ് ഉണ്ടാവുകയും ഇത് മാസ്കിന്റെ വശങ്ങളിലൂടെ വായു അകത്തേക്കും പുറത്തേക്കും പോകാൻ ഇടയാക്കും. കൃത്യമായ ഫിറ്റുള്ള മാസ്ക് ധരിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം.
ഒന്നിന് മുകളിൽ ഒന്നായി രണ്ട് മാസ്കുകൾ ധരിക്കുമ്പോൾ മാസ്കിന്റെ ഫിൽട്രേഷനുള്ള കഴിവ് മെച്ചപ്പെടുന്നു. ഇതുവഴി വെെറസ് കലർന്ന സ്രവം അകത്തേക്കും പുറത്തേക്കും പോകുന്നത് തടയാൻ സഹായിക്കുന്നു. രോഗമുള്ളയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും മറ്റുള്ളവരിൽ നിന്ന് രോഗം പടരാതിരിക്കാനും ഇത് സഹായിക്കും. ഇത്തരത്തിൽ ഡബിൾ മാസ്ക് ധരിക്കുന്നത് വഴി 85.4 ശതമാനം അണുക്കളെയും തടയാനാകും.
സർജിക്കൽ മാസ്ക്ക് ധരിച്ച് അതിന് മുകളിൽ തുണി മാസ്ക് ധരിക്കുക. രണ്ട് സർജിക്കൽ മാസ്ക്കുകൾ ഒന്നിച്ച് ഡബിൾ മാസ്ക് ആയി ഉപയോഗിക്കരുത്. രണ്ട് തുണി മാസ്ക് ഒന്നിച്ച് ഡബിൾ മാസ്ക് ആയും എൻ 95 മാസ്കും മറ്റ് മാസ്കും കൂടി ഡബിൾ മാസ്ക് ആയും ഉപയോഗിക്കരുതെന്നും വിദഗ്ദർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല