1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2021

സ്വന്തം ലേഖകൻ: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിലൂടെ കഴിഞ്ഞയാഴ്ച വാർത്തകളിൽ നിറഞ്ഞുനിന്ന പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രാജ്യാന്തര ഫുട്ബോളിലെ ഗോളടിയിൽ റെക്കോർഡ്. അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് റൊണാൾഡോ രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായത്. റൊണാൾഡോയുടെ ഇരട്ടഗോൾ പ്രകടനം മത്സരത്തിൽ പോർച്ചുഗലിന് നാടകീയ വിജയവും സമ്മാനിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം.

89, 90+6 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. ഇതോടെ രാജ്യാന്തര ഫുട്ബോളിൽ പോർച്ചുഗലിനായി റൊണാള്‍ഡോയുടെ ഗോൾനേട്ടം 111 ആയി ഉയർന്നു. 109 ഗോളുകളുമായി റെക്കോർഡ് കൈവശം വച്ചിരുന്ന ഇറാന്റെ ഇതിഹാസ താരം അലി ദേയി രണ്ടാം സ്ഥാനത്തായി. 1993–2006 കാലഘട്ടത്തിലാണ് അലി ദേയി ഇറാനായി 109 ഗോളുകൾ അടിച്ചുകൂട്ടിയത്. 2004 യൂറോ കപ്പിൽ ഗ്രീസിനെതിരെയാണു ക്രിസ്റ്റ്യാനോ കരിയറിലെ ആദ്യഗോൾ കുറിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്വീഡനെതിരെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ 100-ാം ഗോൾ കുറിച്ചു. ഇത്തവണ യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസിനെതിരെ ഇരട്ടഗോൾ നേടി അലി ദേയിക്ക് ഒപ്പമെത്തി. ബൽജിയത്തിനെതിരെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഗോളടിക്കാൻ കഴിയാതെ വന്നതോടെ കാത്തിരിപ്പ് നീണ്ടു. ദേശീയ ടീമിനായി കൂടുതൽ മത്സരങ്ങളെന്ന സ്പാനിഷ് താരം സെർജിയോ റാമോസിന്റെ യൂറോപ്യൻ റെക്കോർഡിന് ഒപ്പമെത്താനും റൊണാൾഡോയ്ക്കായി.

യൂറോ കപ്പിൽ കൂടുതൽ ഗോളുകൾ നേടിയതിന്റെ റെക്കോർഡും (14) റൊണാൾഡോ സ്വന്തമാക്കിയിരുന്നു. യൂറോ കപ്പിലും ലോകകപ്പിലുമായി കൂടുതൽ ഗോൾനേട്ടവും (21) റൊണാൾഡോയ്ക്കു തന്നെ. റൊണാൾഡോയുടെ ഗോളുകളിൽ അധികവും മത്സരത്തിന്റെ അവസാന 30 മിനിറ്റുകളിൽ പിറന്നതാണെന്ന പ്രത്യേകതയുമുണ്ട്. മത്സരത്തിന്റെ അവസാന 15 മിനിറ്റിൽ മാത്രം റൊണാൾഡോ നേടിയ ഗോളുകളുടെ എണ്ണം 33 ആണ്. ഇതിൽ അയർലൻഡിനെതിരെ നേടിയ ഇരട്ടഗോളുകളും ഉൾപ്പെടുന്നു. 22 ഗോളുകൾ 61–75 മിനിറ്റുകളിൽ നേടി.

16–30 മിനിറ്റുകളിലായി റൊണാൾഡോ 17 തവണ ലക്ഷ്യം കണ്ടു. 31–45 മിനിറ്റു വരെ 16 ഗോളുകളും നേടി. 11 ഗോളുകൾ ആദ്യപകുതിയുടെ ആദ്യ 15 മിനിറ്റിലും 12 ഗോളുകൾ രണ്ടാം പകുതിയുടെ ആദ്യ 15 മിനിറ്റിലും നേടി. ആകെ ഗോളുകളിൽ 91 എണ്ണം പെനൽറ്റി ബോക്സിന് ഉള്ളിൽനിന്ന് നേടിയതാണ്. 20 ഗോളുകൾ പെനൽറ്റി ബോക്സിനു പുറത്തുനിന്ന് നേടി. പെനൽറ്റിയിൽനിന്ന് 14 ഗോളുകളും ഫ്രീകിക്കുകളിൽനിന്ന് ഒൻപതു ഗോളുകളും റൊണാൾഡോ സ്വന്തമാക്കി.

ലിത്വാനിയ, സ്വീഡൻ എന്നീ ടീമുകൾക്കെതിരെയാണ് റൊണാൾഡോ കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത്; ഏഴു വീതം. അയർലൻഡിനെതിരെ റൊണാൾഡോയുടെ ആദ്യ ഗോളാണ് ഇന്ന് പിറന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.