1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2022

സ്വന്തം ലേഖകൻ: ക്ലബ്ബ് മാനേജ്‌മെന്റിനും തനിക്കുമെതിരെ ടെലിവിഷൻ ഇന്റർവ്യൂവിൽ തുറന്നടിച്ച ക്രിസ്റ്റിയാനോ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുനൈറ്റഡിൽ കളിക്കേണ്ടതില്ലെന്ന നിലപാടെടുത്ത് കോച്ച് എറിക് ടെൻ ഹാഗ്. ലോകകപ്പ് കഴിഞ്ഞ് ക്ലബ്ബ് സീസൺ പുനരാരംഭിക്കുമ്പോൾ പോർച്ചുഗീസ് സൂപ്പർ താരത്തെ തന്റെ ടീമിൽ ആവശ്യമില്ലെന്നും പകരക്കാരനെ കണ്ടെത്താനായില്ലെങ്കിൽ പോലും ഈ നിലപാടിൽ മാറ്റമില്ലെന്നും ടെൻ ഹാഗ് മാഞ്ചസ്റ്റർ യുനൈറ്റഡ് ഉടമകളായ ഗ്ലേസർ കുടുംബത്തെ അറിയിച്ചു. ഇ.എസ്.പി.എൻ, സ്‌പോർട്‌സ് ബൈബിൾ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബ്രോഡ്കാസ്റ്റർ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ തന്റെ നിലവിലെ ക്ലബ്ബിനെതിരെ തുറന്നടിച്ചത്. മകൾക്ക് അസുഖം ബാധിച്ച വിഷമഘട്ടത്തിൽ പോലും മാനേജ്‌മെന്റ് തന്നെ വിശ്വാസത്തിലെടുത്തില്ലെന്നും, ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ പദ്ധതികളൊന്നും നടപ്പിലാവുന്നില്ലെന്നും താരം തുറന്നടിച്ചു. കോച്ച് എറിക് ടെൻ ഹാഗ് തന്നെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നു തുറന്നടിച്ച 37-കാരൻ, മുമ്പ് തന്റെ സഹതാരമായിരുന്ന വെയ്ൻ റൂണിക്കെതിരെയും ആക്രമണം നടത്തി. അഭിമുഖം പൂർണമായി പുറത്തുവന്നിട്ടില്ലാത്തതിനാൽ ഇനിയും വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന.

താരത്തിന്റെ തുറന്നുപറച്ചിലിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് നിലപാട് വ്യക്തമാക്കിയിരുന്നു. അഭിമുഖത്തിന്റെ പൂർണരൂപം പുറത്തുവന്ന ശേഷമായിരിക്കും തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കുകയെന്ന് പത്രക്കുറിപ്പിലൂടെ ക്ലബ്ബ് അറിയിച്ചു. നിലവിലെ സ്ഥിതി ചർച്ച ചെയ്യാൻ കോച്ച് ടെൻ ഹാഗ് ചെയർമാൻ ജോയൽ ഗ്ലേസർ, ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് അർണോൾഡ്, ഫുട്‌ബോൾ ഡയറക്ടർ ജോൺ മർട്ടഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്‌പോർട്‌സ് ബൈബിൾ റിപ്പോർട്ടിൽ പറയുന്നു.

ക്രിസ്റ്റ്യാനോ ഇനിയും തുടർന്നാൽ ഡ്രസ്സിങ് റൂമിലെ സ്ഥിതി വഷളാവുകയും കളിക്കാർക്കിടയിലെ ഐക്യം തകരുമെന്നും ടെൻ ഹാഗ് മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. ലോകകപ്പ് തുടങ്ങുംമുമ്പ് തന്നെ ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ ക്ലബ്ബ് തീരുമാനമെടുക്കുമെന്നും, ഇടവേള കഴിഞ്ഞ് ലീഗ് സീസൺ ആരംഭിക്കുമ്പോൾ താരം ഓൾഡ് ട്രാഫോഡിൽ ഉണ്ടാവാനിടയില്ലെന്നുമാണ് സൂചന.

കഴിഞ്ഞ ട്രാൻസ്ഫർ സീസണിൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ വിടാൻ വേണ്ടി ശക്തമായ ശ്രമങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, വൻതുക മുടക്കി താരത്തെ വാങ്ങാൻ ആരും സന്നദ്ധരാവാതിരുന്നതോടെ യുനൈറ്റഡിൽ തന്നെ തുടരേണ്ടി വന്നു. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്ന ക്രിസ്റ്റ്യാനോയെ പിന്നീട് കോച്ച് സൈഡ് ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. തനിക്ക് കളിസമയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ടോട്ടനം ഹോട്‌സ്പറിനെതിരായ മത്സരത്തിനിടെ താരം മൈതാനം വിട്ടത് വിവാദമായി.

ഒരു മത്സരത്തിൽ പുറത്തിരുത്തിയാണ് കോച്ച് ഇതിനോട് പ്രതികരിച്ചത്. ക്രിസ്റ്റ്യാനോ ഇക്കാര്യത്തിൽ പിന്നീട് മാപ്പ് പറഞ്ഞിരുന്നു. ക്ലബ്ബ് മാനേജ്‌മെന്റിനെതിരായ ക്രിസ്റ്റ്യാനോയുടെ പരസ്യ പ്രതികരണത്തിൽ സഹതാരങ്ങളും ആരാധകരും അതൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ. യുനൈറ്റഡിലെ സഹതാരം ബ്രുണോ ഫെർണാണ്ടസ് പോർച്ചുഗൽ ടീമിന്റെ പരിശീലനത്തിനിടെ ക്രിസ്റ്റ്യാനോയെ അവഗണിച്ചതായി റിപ്പോർട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.