1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2022

സ്വന്തം ലേഖകൻ: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് പിന്നാലെ ക്ലബ്ബിനെ വില്‍ക്കാനൊരുങ്ങി ക്ലബ്ബ് ഉടമസ്ഥരായ ഗ്ലേസര്‍ കുടുംബം. വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാക്കളുമായി ചര്‍ച്ച ആരംഭിച്ചതായി ഗ്ലേസര്‍ കുടുംബം അറിയിച്ചു. ക്ലബ്ബിനൊപ്പം ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡ് ഉള്‍പ്പെടെ അനുബന്ധ നിക്ഷേപങ്ങളും വില്‍പനയുടെ പരിധിയില്‍ വരും.

ബ്രിട്ടീഷ് അതിസമ്പന്നനായ ജിം റാഡ്ക്ലിഫ് കഴിഞ്ഞ ഓഗസ്റ്റില്‍ ക്ലബ്ബ് വാങ്ങാന്‍ താത്പര്യം അറിയിച്ച് രംഗത്തുവന്നിരുന്നു. അമേരിക്കന്‍ ശതകോടീശ്വരനും ട്വിറ്ററിന്റെ ഉടമസ്ഥനുമായ എലോണ്‍ മസ്‌കും താത്പര്യം അറിയിച്ചിരുന്നു. തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങളായി മുന്‍നിര കിരീടങ്ങളൊന്നുമില്ലാത്ത ക്ലബ്ബിന്റെ ഉടമസ്ഥാവകാശം മാറണമെന്ന്‌ ആരാധര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെയായി.

2017-ല്‍ യൂറോപ്പ ലീഗും ലീഗ് കപ്പും നേടിയതാണ് അവസാനമായി അവര്‍ നേടിയ കിരീടങ്ങള്‍. 2013 അലക്‌സ് ഫെര്‍ഗൂസണ്‍ പരിശീലകന്റെ ചുമതല ഉപേക്ഷിച്ചതിന് ശേഷം കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഗ്ലേസേഴ്‌സ് കുടുംബത്തിനെതിരേ ആരാധകര്‍ പ്രകടനങ്ങളും നടത്തിയിരുന്നു. ‘അത്യാഗ്രഹത്തിനെതിരേ പോരാടുക, യുണൈറ്റഡിനായി പോരാടുക, ഗ്ലേസേഴ്‌സുകള്‍ക്കെതിരേ പോരാടുക’ എന്ന മുദ്രാവാക്യം എഴുതിയ ബാനറുകളുമായി ആരാധകര്‍ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു.

കഴിഞ്ഞ മെയ് മാസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു ക്ലബ്ബായ ചെല്‍സിയെ അമേരിക്കന്‍ സമ്പന്നരായ ടോഡ് ബോഹ്ലിയുടെ കണ്‍സോഷ്യം സ്വന്തമാക്കിയിരുന്നു. 4.25 ബില്ല്യണ്‍ പൗണ്ട് നല്‍കിയാണ് റോമന്‍ അബ്രമോവിച്ചിന്റെ 19 വര്‍ഷത്തെ ഉടമസ്ഥാവകാശം ബോഹ്ലി അവസാനിപ്പിച്ചത്.

വൂള്‍വ്‌സിനെ ചൈനീസ് കമ്പനി സ്വന്തമാക്കിയത് ഈ അടുത്തിടേയാണ്. ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാന്റെ മുതലാളിയും ചൈനയിലാണ്. 17 വര്‍ഷം മുമ്പാണ് ഗ്ലേസര്‍ കുടുംബം യുണൈറ്റഡ് വാങ്ങുന്നത്. ഇംഗ്ലണ്ടില്‍ ഏറ്റവും ആരാധകരുള്ള ക്ലബ്ബുകളിലൊന്ന്. ഇപ്പോള്‍ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ തിരിച്ചുവരവിന്റെ വഴിയിലാണ് ടീം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ക്ലബ്ബിന് നന്ദി പറഞ്ഞ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ്ബിനോടും ആരാധകരോടും അതിയായ സ്നേഹമുണ്ട്. അത് ഒരിക്കലും മാറില്ല. എന്നാല്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ശരിയായ സമയമാണിത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കും ഭാവിയിലും ക്ലബ്ബിന് വിജയാശംസകള്‍ നേരുന്നുവെന്നും റൊണാള്‍ഡോ ട്വീറ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.