1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2022

സ്വന്തം ലേഖകൻ: എക്കാലത്തെയും വമ്പൻ തുകയ്ക്ക് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ ക്ലബ് മാറുന്നതായി വാർത്ത. വിവാദങ്ങൾക്കൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട താരം 400 മില്യൺ യൂറോയുടെ കരാറിൽ സൗദി അറേബ്യൻ ക്ലബായ അൽ നസ്‌റിലേക്ക് മാറുന്നതായാണ് സ്പാനിഷ് വാർത്തവെബ്‌സൈറ്റായ മാർസ.കോം റിപ്പോർട്ട് ചെയ്യുന്നത്.

ശമ്പളയിനത്തിലും പരസ്യ കരാറുകൾക്കുമായി താരത്തിന് സീസണിൽ 200 മില്യൺ യൂറോ (173 പൗണ്ട് സ്റ്റർലിങ്) കിട്ടുമെന്നാണ് വാർത്തയിൽ പറയുന്നത്. 2025 വരെയായി രണ്ടര കൊല്ലത്തെ കരാറാണ് താരവുമായി ക്ലബ് ഒപ്പിടുകയെന്നും പറഞ്ഞു. സൗദിയുടെ തലസ്ഥാന നഗരിയായ റിയാദ് ആസ്ഥാനമായാണ് അൽ നസ്ർ പ്രവർത്തിക്കുന്നത്.

മറ്റൊരു സൗദി ക്ലബായ അൽഹിലാൽ വാഗ്ദാനം ചെയ്ത ആഴ്ചയിൽ 5.3 മില്യൺ ഡോളർ ഓഫർ നിരസിച്ചതായി റൊണാൾഡോ മുമ്പ് പറഞ്ഞിരുന്നു. ഇവരുടെ എതിരാളികളാണ് ഇപ്പോൾ താരവുമായി കരാറിലേർപ്പെടുന്ന അൽനസ്ർ. ന്യൂകാസിലിനടക്കം താൽപര്യമുണ്ടായിരുന്ന ഇതിഹാസത്തെയാണ് ഇവർ ടീമിലെത്തിക്കുന്നത്. ഡേവിഡ് ബെക്കാമിന്റെ ഇൻറർ മിയാമിയും 37കാരനായ താരത്തെ നോട്ടമിട്ടതായി വാർത്തയുണ്ടായിരുന്നു.

റൂഡി ഗാർഷ്യ പരിശീലിപ്പിക്കുന്ന അൽനസ്ർ നിലവിൽ സൗദി പ്രോ ലീഗിൽ രണ്ടാമതാണ്. ഒന്നാമതുള്ള അൽ ഷഹ്ദാബിനേക്കാൾ മൂന്നു പോയൻറാണ് ടീമിന് കുറവുള്ളത്. കരാർ യാഥാർത്ഥ്യമായാൽ നിലവിൽ പോർച്ചുഗൽ ദേശീയ ടീമിൽ ലോകകപ്പ് കളിക്കുന്ന താരം അടുത്ത വർഷം ജനുവരിയിൽ ക്ലബിനൊപ്പം ചേരും.

ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള അഭിമുഖം വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേർന്ന് തന്നെ ഒതുക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. അലക്‌സ് ഫെർഗ്യൂസൺ ക്ലബ് വിട്ട ശേഷം വളർച്ച നിലച്ചതായും ടെൻഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്നും താരം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ യുണൈറ്റഡ് താരത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ഏറെ വിവാദങ്ങൾക്കൊടുവിൽ പരസ്പര ധാരണയിലാണ് ക്ലബും താരവും കരാർ റദ്ദാക്കിയത്. ക്ലബിന് നൽകിയ സംഭാവനകൾക്ക് യുണൈറ്റഡ് റൊണാൾഡോയോട് നന്ദി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 346 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ കളിച്ചത്. 145 ഗോളുകളും നേടി.

ക്രിസ്റ്റ്യാനോയുമായുള്ള ബന്ധം അവസാനിച്ചതായി ക്ലബ് വ്യക്തമാക്കിയതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം വിൽക്കാൻ ആഗ്രഹിക്കുന്നതായി ഗ്ലേസർ കുടുംബം അറിയിച്ചിരുന്നു. ബിഎൻഎൻ ബ്ലുംബെർഗാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നത്. 17 വർഷം മുൻപാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഗ്ലേസർ കുടുംബം സ്വന്തമാക്കുന്നത്.

2005ൽ 934 മില്യൺ യൂറോയ്ക്കാണ് ഗ്ലേസർ കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുന്നത്. 2013ൽ ഫെർഗൂസൻ പടിയിറങ്ങിയതിന് ശേഷം 9 വർഷത്തോളമായി തുടരുന്ന ക്ലബിന്റെ മോശം പ്രകടനങ്ങളെ തുടർന്ന് ഗ്ലേസർ കുടുംബത്തിനെതിരെ ആരാധകർ തിരിഞ്ഞിരുന്നു. 2013ൽ ഫെർഗൂസൻ പടിയിറങ്ങിയതിന് ശേഷം യുണൈറ്റഡ് പ്രീമിയർ ലീഗ് ജയിച്ചിട്ടില്ല.

അതിനിടെ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങളുടെ ക്ലബിലേക്കെടുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ബയേൺ മ്യൂണിച്ച് അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട സൂപ്പർതാരത്തെ സ്വന്തമാക്കാൻ ബയേൺ ശ്രമിക്കുന്നുവെന്ന വാർത്തൾ പ്രചരിച്ചിരുന്നു.

എന്നാൽ ഇപ്പോൾ അങ്ങനെയൊരു നീക്കത്തിന് താൽപര്യമില്ലെന്ന് ക്ലബ് വ്യക്തമാക്കി. റൊണാൾഡോയെ സ്വന്തമാക്കാൻ വേണ്ടി ആലോചിച്ചിരുന്നെങ്കിലും തങ്ങൾ അതിനായി യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നും നിലവിൽ റൊണാൾഡോക്കായി ശ്രമിക്കില്ലെന്നും ബയേൺ മ്യൂണിച്ചിൻറെ സി.ഇ.ഒയായ ഒലിവർ ഖാൻ വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.