1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2015

സ്വന്തം ലേഖകന്‍: 54 വര്‍ഷത്തിനു ശേഷം ക്യൂബയില്‍ അമേരിക്കന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു. നൂറുക്കണക്കിന് പേരെ സാക്ഷിയാക്കി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി എംബസിയില്‍ അമേരിക്കന്‍ പതാക ഉയര്‍ത്തി. ഇതോടെ 70 വര്‍ഷത്തിന് ശേഷം ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യത്തെ സ്റ്റേറ്റ് സെക്രട്ടറി എന്ന ബഹുമതിയും കെറിക്ക് സ്വന്തമായി.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്യൂബയില്‍ ഇന്നലെ യു എസ് എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചു. 1961 ല്‍ പതാക താഴ്ത്തിയ അതേ സൈനികരാണ് ഇന്നലെ ക്യൂബയില്‍ ഉയര്‍ത്താനുള്ള പതാക നല്‍കിയത്. ഇത് ചരിത്ര മുഹൂര്‍ത്തമാണെന്ന് ജോണ്‍ കെറി അഭിപ്രായപ്പെട്ടു. പുതിയ ഭരണകൂടത്തിന് കീഴില്‍ മികച്ച രീതിയല്‍ പ്രവര്‍ത്തിക്കാന്‍ ഇവിടത്തെ ജനങ്ങള്‍ക്ക് കഴിയുമെന്ന് എംബസിക്ക് പുറത്ത് കൂടി നിന്നവരെ അഭിസംബോധന ചെയ്ത് കൊണ്ട് കെറി പറഞ്ഞു.

വിരമിച്ച മൂന്ന് യുഎസ് സൈനികരാണ് ക്യൂബയില്‍ ഉയര്‍ത്താനുള്ള പതാക കൈമാറിയത്. മൂന്ന് പേരും ചടങ്ങില്‍ പങ്കാളികളായി. ഒരിക്കല്‍ കൂടി പതാക ഉയര്‍ത്താന്‍ നല്‍കുന്നതിന് തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് 78 കാരനായ യു എസ് മുന്‍സൈനികന്‍ ജിം ട്രേസി പറഞ്ഞു. യു എസില്‍ ക്യൂബയുടെ എംബസി കഴിഞ്ഞ മാസം പുനരാരംഭിച്ചിരുന്നു.

എന്നാല്‍ വ്യാപാര ഉപരോധം നീക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം ഫിഡല്‍ കാസ്‌ട്രോ യു എസിനെ വിമര്‍ശിച്ചിരുന്നു. 53 വര്‍ഷത്തെ ഉപരോധത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഡോളര്‍ ക്യൂബ കടപ്പെട്ടിരിക്കുകയാണെന്ന് ഒരു തുറന്ന കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞ ഡിസംബറിലാണ് യു എസ് പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബന്‍ നേതാവ് റൗള്‍ കാസ്‌ട്രോയും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.