1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2021

സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ക്യൂബയിലെ ഹെന്റി റീവ് ഇന്റര്‍നാഷനല്‍ മെഡിക്കല്‍ ബ്രിഗേഡ് ദൗത്യം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങി. ഖത്തറിലെ കോവിഡ് വ്യാപനം അതിന്റെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടുവന്ന ശേഷമാണ് സംഘം നാട്ടിലേക്ക് മടങ്ങിയത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 200 പേരടങ്ങുന്ന ക്യൂബന്‍ സംഘത്തിന് ഖത്തര്‍ അധികൃതര്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

ക്യൂബന്‍ ദേശീയ പതാകയും പിടിച്ച് വിമാനത്താവളത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വൈദ്യ സംഘത്തിന്റെ ചിത്രം ഖത്തറിലെ ക്യൂബന്‍ എംബസി പോസ്റ്റ് ചെയ്തു. മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് ക്യൂബന്‍ സംഘം നാട്ടിലേക്ക് തിരിക്കുന്നതെന്ന് എംബസി അഭിപ്രായപ്പെട്ടു.

ഡോക്ടര്‍മാരും നഴ്‌സുമാരും പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ പ്രത്യേക പരിശീലനം ലഭിച്ചവരും അടങ്ങുന്ന 200 അംഗ ക്യൂബന്‍ സംഘം 2020 ഏപ്രിലില്‍ ആയിരുന്നു ദോഹയിലെത്തിയത്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഖത്തറിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സംഘത്തിന്റെ വരവ്. ദുഖാനില്‍ നേരത്തേ ഉണ്ടായിരുന്ന ക്യൂബന്‍ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് പ്രത്യേക കോവിഡ് ചികില്‍സാ കേന്ദ്രമാക്കി മാറ്റുകയായിരുന്നു.

2005ല്‍ യുഎസിലെ കത്രീന ചുഴലിക്കാറ്റില്‍ ദുരിതബാധിതരെ സഹായിക്കാനായി രൂപീകരിച്ച ക്യൂബന്‍ മെഡിക്കല്‍ സംഘം ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നത നിലവാരത്തിലുള്ള വൈദ്യസഹായം എത്തിച്ചിട്ടുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികില്‍സയും ഉള്‍പ്പെടുന്നതാണ് ക്യൂബന്‍ ബ്രിഗേഡിന്റെ പ്രവര്‍ത്തനം. കോവിഡിന്റെ തുടക്കം മുതല്‍ ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ലോകത്തെ വിവിധ രാജ്യങ്ങളില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്.

പകര്‍ച്ചവ്യാധികളെ നേരിടുന്നതിലുള്ള ഇവരുടെ വൈദഗ്ധ്യം ലോകത്തിലെ വിവിധ രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കോവിഡിന്റെ തുടക്കത്തില്‍ രോഗവ്യാപനം രൂക്ഷമായ ഇറ്റലിയിലേക്ക് ആരും പോകാന്‍ മടിച്ചുനിന്ന സമയത്ത് സേവന സന്നദ്ധരായി എത്തിയ ക്യൂബന്‍ സംഘം ആഗോളതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഖത്തറില്‍ കഴിഞ്ഞ ദിവസം 205 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൊവിഡ് സ്ഥിരീകരിച്ചവരില്‍ 138 പേര്‍ കമ്യൂണിറ്റികളിലുള്ളവരും 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ആണ്. നിലവില്‍ 2,723 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 2,32,571 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 2,29,246 പേരും സുഖം പ്രാപിച്ചു രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധന ശക്തമാക്കിയിട്ടും ചട്ടങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കൂടുകയാണ്.

1,143 പേർക്കെതിരെയാണ് കോവിഡ് നിയമ ലംഘനങ്ങൾക്ക് പോലീസ് കേസെടുത്തിരിക്കുന്നത്. മാസ്ക് ധരിക്കല്‍, അകലം പാലിക്കൽ, ഇഹ്‌തെറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക തുടങ്ങിയ മുന്‍കരുതല്‍ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഡെൽറ്റ ഉൾപ്പെടെയുള്ള കൊവിഡ് വകഭേദങ്ങളുടെ സാനിധ്യം കണ്ടെത്തുന്നതിനാല്‍ എല്ലാവരും ശക്തമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍ക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.