1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2016

സ്വന്തം ലേഖകന്‍: ദുരിതപര്‍വം നാലാം ദിവസത്തിലേക്ക്, എടിഎമ്മുകള്‍ കാലി, അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയ പരിധി തിങ്കളാഴ്ച വരെ നീട്ടി. കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത കറന്‍സി അസാധുവാക്കല്‍ കാരണം ജനങ്ങളുടെ പരക്കംപാച്ചില്‍ തുടരുന്നു. എ.ടി.എമ്മുകള്‍ വെള്ളിയാഴ്ച തുറക്കുമെന്ന പ്രഖ്യാപനം നടപ്പായെങ്കിലും പണം പിന്‍വലിക്കാമെന്നു കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും നല്‍കിയ വാദ്ഗാനം വെറുതെയായി. രാജ്യത്തെ ഭൂരിഭാഗം എ.ടി.എമ്മുകളും കാലിയായിരുന്നു.

പുതിയ നോട്ടുകളുടെ വലിപ്പ വ്യത്യാസത്തിന്റെ സാങ്കേതിക പ്രശ്‌നം കാരണം ചില എടിഎമ്മുകളില്‍ 100 രൂപ നോട്ടുകള്‍ നിറച്ചിരുന്നു. ഇതാകട്ടെ മണിക്കൂറുകള്‍ക്കുള്ളില്‍ കാലിയായി. ആവശ്യാനുസരണം തുക ബാങ്കുകളില്‍ എത്താത്തതിനാല്‍ നോട്ടുമാറി നല്‍കുന്നപ്രക്രിയ രാജ്യമെമ്പാടുമെന്നപോലെ കേരളത്തിലും അവതാളത്തിലായി. നിരോധനം മറികടക്കാനുള്ള പ്രവര്‍ത്തനത്തില്‍ ബാങ്കുകള്‍ പൂര്‍ണമായി വ്യാപൃതമായതോടെ ഇതര ഇടപാടുകള്‍ സ്തംഭിച്ചു.

രൂപയുടെ കുറവില്‍ ചെറുകിട വ്യാപാരമേഖല പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ബാങ്കുകള്‍ നേരിട്ടു പണം നിറയ്ക്കുന്ന എ.ടി.എമ്മുകള്‍ മാത്രമാണു സംസ്ഥാനത്തു പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇവയില്‍ നിന്ന് അതതു ബാങ്കുകളിലെ കാര്‍ഡ് ഉപയോഗിച്ച് മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കൂ. നൂറിന്റെയും അന്‍പതിന്റെയും നോട്ടുകളാണു നിറയ്ക്കുന്നത്. അതിനാല്‍ 50 ലക്ഷത്തിന്റെ വരെ ശേഷിയുള്ള എ.ടി.എമ്മുകളില്‍ നിറയ്ക്കാന്‍ കഴിയുന്നതു നാലു ലക്ഷം രൂപ വരെ മാത്രം. പ്രധാന നഗരങ്ങളിലാണ് ഇവ പ്രവര്‍ത്തിച്ചത്.

എ.ടി.എമ്മുകളില്‍ ഒരു ദിവസം ഒരു അക്കൗണ്ടില്‍നിന്ന് 2000 രൂപാ മാറാമെന്ന പ്രതീക്ഷയില്‍ രാവിലെ മുതല്‍ എ.ടി.എമ്മുകളുടെ മുന്നില്‍ വരിയില്‍ നിന്ന ഇടപാടുകാര്‍ നിരാശരായി. സംസ്ഥാനത്തെ മിക്കവാറും എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്നതു പുറംകരാറുകാരായതിനാല്‍ ഭൂരിപക്ഷവും തുറന്നില്ല. തങ്ങള്‍ക്ക് പണം കൈമാറിയിട്ടില്ലെന്നാണ് ഇതിന് അവര്‍ നല്‍കുന്ന മറുപടി.

കഴിഞ്ഞ ദിവസം മുതല്‍ തന്നെ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകള്‍ എത്തുമെന്നും പ്രതിസന്ധിയുണ്ടാകില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നെങ്കിലും ഇന്നലെയും അഞ്ഞൂറിന്റെ നോട്ടുകള്‍ എത്തിയില്ല. ചില ബാങ്കുകള്‍ നോട്ടിനു പകരം നാണയങ്ങളാണു നല്‍കിയത്. ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാനായി ബാങ്കുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും.

അവശ്യ സേവനങ്ങള്‍ക്ക് നാല് ദിവസം കൂടി പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി വെള്ളിയാഴ്ച രാത്രി 9 മണിക്ക് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടിയത്. റെയില്‍വേ, കെ.എസ്.ആര്‍.ടി.സി യാത്രകള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാം. വെള്ളക്കരം, വൈദ്യുതി ബില്‍ തുടങ്ങിയവ അടയ്ക്കുന്നതിനും പഴയ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ ഉപയോഗിക്കാം. പമ്പുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസികള്‍ എന്നിവിടങ്ങളിലും പഴയ നോട്ടുകള്‍ സ്വീകരിക്കും. തിങ്കളാഴ്ച വരെ ടോള്‍ വാങ്ങേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.