1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2020

സ്വന്തം ലേഖകൻ: ഉംപുന്‍ ചുഴലികാറ്റ് 24 മണിക്കൂറിനുള്ളിൽ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാൾ തീരം തൊടും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കരയിലേക്കു കടക്കുമ്പോൾ മണിക്കൂറിൽ 165 മുതൽ 185 കിലോമീറ്റർ വരെ വേഗതയിലായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

220 കിലോ മീറ്ററിന് മുകളിൽ വേഗതയിൽ വീശുന്ന കാറ്റ് പശ്ചിമ ബംഗാൾ തീരത്ത് പതിക്കുമ്പോൾ വേഗത 165 മുതൽ 185 കിലോമീറ്ററായി കുറയും. കനത്ത നാശനഷ്ടം ഇവിടെ ചുഴലികാറ്റ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഒഡീഷയിൽ ശക്തമായ മഴയും കാറ്റുമാണ് ഇപ്പോഴുള്ളത്. 11 ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചുവെന്ന് ഒഡീഷ സർക്കാർ വ്യക്തമാക്കി.

ബംഗാൾ, ഒഡീഷ തീരങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനാവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. 37 കമ്പനി ദുരന്ത നിവാരണ സേനാംഗങ്ങൾ രണ്ട് സംസ്ഥാനങ്ങളിലുമായുണ്ട്. ക്യാബിനറ്റ് സെക്രട്ടറി രാജീവ്‌ ഗൗബേ പശ്ചിമ ബംഗാൾ, ഒഡിഷ ചീഫ് സെക്രട്ടറിമാരോട് ആശയ വിനിമയം നടത്തി. അടിയന്തിര ഘട്ടത്തിൽ കര, നാവിക, വ്യോമ സേനകളോട് സഹായം നൽകാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപൂന്‍ ചുഴലിക്കാറ്റ് അതി തീവ്രനാശനഷ്ടമുണ്ടാക്കുന്ന സൂപ്പര്‍ സൈക്ലോണ്‍ ആണ്. 1999ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണിത്‍. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്ക് ഒഡീഷയ്ക്ക് സമീപം രൂപപ്പെട്ട് വടക്ക് പടിഞ്ഞാറ് ബംഗ്ലാദേശും പശ്ചിമ ബംഗാളും ലക്ഷ്യമാക്കി നീങ്ങുന്ന ഉംപൂന്‍ ചുഴലിക്കാറ്റിന്‍റെ ഇനിയുള്ള പന്ത്രണ്ട് മണിക്കൂര്‍ രാജ്യത്തിന് ഏറെ നിര്‍ണായകമാണ്. സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

രാത്രിയും പുലര്‍ച്ചയും ഒഡീഷയ്ക്ക് നിര്‍ണായകമാണ്. ദുരന്തബാധിതരെ താമസിപ്പിക്കാനായി ആയിരം ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാവാന്‍ സാധ്യതയുണ്ട്. റെയില്‍ ഗതാഗതം താറുമാറാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ നിറുത്തി വെച്ചു.
നാളെയോടെ പശ്ചിമ ബംഗാളിലെ ദിഗയ്ക്കും ബംഗ്ലാദേശിലെ ഹാട്ടിയ ദ്വീപിനുമിടയില്‍ ഉംപൂണ്‍ തീരം തൊടും. പരമാവധി വേഗം 185 കിലോമീറ്റര്‍ വരെയായിരിക്കും. കനത്ത മഴയും കാറ്റും വലിയ നാശനഷ്ടം ഉണ്ടാക്കിയേക്കും. ലക്ഷകണക്കിന് പേരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും തീരപ്രദേശങ്ങളില്‍ നിന്നും മാറ്റുകയാണ്. സിക്കീം, മേഘാലയ, ആസാം സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റിന്‍റെ ആഘാതം കനത്ത മഴയ്ക്കും കാറ്റിനും ഇടയാക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വേനല്‍ മഴക്കൊപ്പം ഉംപൂന്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവം കൂടിയായതോടെയാണ് സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്.

അറേബ്യന്‍ ഉള്‍ക്കടലില്‍ 2007ലും 2019ലും സൂപ്പര്‍ സൈക്ലോണുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ 1999ന് ശേഷം രൂപപ്പെടുന്ന ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപൂന്‍. 99ല്‍ 260 കീലോമീറ്റര്‍ വേഗത്തില്‍ തീരം തൊട്ട ചുഴലിക്കാറ്റില്‍ ആയിരത്തിലേറേ പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.