1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2020

സ്വന്തം ലേഖകൻ: ബുറൈവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ നിർത്തിവയ്ക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

‘ബുറെവി’ചുഴലിക്കാറ്റ് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച പുലർച്ചെ തെക്കൻ തമിഴ്‌നാട്ടിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തികുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി അറബിക്കടലിലേക്കു നീങ്ങുമെന്നാണു പ്രവചനം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കാറ്റിന്റെ വേഗത കുറയുന്നതിനാൽ വലിയ നാശനഷ്ടം ബുറൈവി കേരളത്തിൽ ഉണ്ടാക്കാനിടയില്ലെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എങ്കിലും എങ്കിലും ജാഗ്രതയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട് തീരത്തേക്കു പ്രവേശിക്കുമ്പോൾ മാത്രമേ കേരളത്തിൽ ഇതിന്റെ സഞ്ചാരപാതയും സ്വഭാവവും എന്തെന്നു കൃത്യമായി നിർണയിക്കാനാകൂ. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം – കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലൂടെ ഇതു കടന്നുപോകാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

‘ബുറൈവി’ ചുഴലിക്കാറ്റ് നിലവിൽ ബുറൈവി ചുഴലിക്കാറ്റ് പാമ്പന് സമീപമെത്തിയതായി ഇന്ന് വൈകിട്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. കന്യാകുമാരിക്ക് 230 കിലോമീറ്റർ ദൂരെയാണിതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു നിലവിൽ 70 മുതൽ 80 വരെ കിലോമീറ്റർ വേഗത്തിലാണു കാറ്റ് വീശുന്നതെന്ന് വ്യാഴാഴ്ച വൈകിട്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ചില അവസരങ്ങളിൽ ഇത് 90 കിലോമീറ്റർവരെയാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5590 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,56,378 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍ 7 വീതം, എറണാകുളം, മലപ്പുറം 6 വീതം, തൃശൂര്‍ 5, തിരുവനന്തപുരം 4, ഇടുക്കി 3, പത്തനംതിട്ട 2, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം 690, തൃശൂര്‍ 624, കോഴിക്കോട് 509, എറണാകുളം 335, തിരുവനന്തപുരം 314, ആലപ്പുഴ 381, പാലക്കാട് 221, കോട്ടയം 331, പത്തനംതിട്ട 225, കണ്ണൂര്‍ 254, കൊല്ലം 282, ഇടുക്കി 220, വയനാട് 222, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 380, കൊല്ലം 332, പത്തനംതിട്ട 169, ആലപ്പുഴ 537, കോട്ടയം 337, ഇടുക്കി 148, എറണാകുളം 770, തൃശൂര്‍ 734, പാലക്കാട് 397, മലപ്പുറം 764, കോഴിക്കോട് 629, വയനാട് 97, കണ്ണൂര്‍ 196, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

31 മരണങ്ങൾ സ്ഥിരീകരിച്ചു

31 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മുക്കോലയ്ക്കല്‍ സ്വദേശി തങ്കരാജന്‍ (80), ആറ്റിങ്ങല്‍ സ്വദേശി ഇന്ദു ശേഖരന്‍ (65), അയിര സ്വദേശി അഖില്‍ (27), ചിറയിന്‍കീഴ് സ്വദേശി നീലകണ്ഠന്‍ ആശാരി (85), കടകംപള്ളി സ്വദേശി മോഹനന്‍ നായര്‍ (63), കൊല്ലം ഓച്ചിറ സ്വദേശി യശോധരന്‍ (85), പൊതുവഴി സ്വദേശിനി ലയ്‌ല (34), മൈനാഗപ്പള്ളി സ്വദേശി രാജു (58), പാരിപ്പള്ളി സ്വദേശി പദ്മജാക്ഷി (72), മങ്കാട് സ്വദേശി വിവേക് (26), പുത്തന്‍കുളം സ്വദേശി തങ്കയ്യ (61), മാനകര സ്വദേശിനി ജയസുധ (39), ആലപ്പുഴ ചേര്‍ത്തല സ്വദേശി അഗസ്റ്റിന്‍ (76), പള്ളിക്കല്‍ സ്വദേശി സോമരാജന്‍ (60), ചേര്‍ത്തല സ്വദേശി സോമന്‍ (67), ചേര്‍ത്തല സ്വദേശിനി രാജമ്മ (91), തിരുവാന്‍മണ്ടൂര്‍ സ്വദേശി ഹൈമവതി (70), കായംകുളം സ്വദേശി ഗോവിന്ദ പണിക്കര്‍ (60), എറണാകുളം കരിമുഗള്‍ സ്വദേശിനി തങ്ക (79), തൃശൂര്‍ എടക്കായൂര്‍ സ്വദേശി അബ്ദുള്ള കുട്ടി (70), ബ്ലാങ്കാട് സ്വദേശി ഷംസുദീന്‍ (72), പല്ലം സ്വദേശിനി മാളൂട്ടി (59), ചാവക്കാട് സ്വദേശി മുഹമ്മദ് (65), മലപ്പുറം കീഴുപറമ്പ് സ്വദേശി വിജയന്‍ (60), ചീക്കോട് സ്വദേശിനി ഉമ്മയ (70), അരക്കപ്പറമ്പ് സ്വദേശി മൊയ്ദൂട്ടി (61), കോഴിക്കോട് മാലപ്പറമ്പ് സ്വദേശി സിദ്ധാര്‍ത്ഥന്‍ (72), ഉള്ളിയേരി സ്വദേശി കുഞ്ഞിരായന്‍ (73), വയനാട് വിലങ്ങപുരം സ്വദേശിനി അയിഷ (60), കണ്ണൂര്‍ ചേലാട് സ്വദേശി അഹമ്മദ് കുഞ്ഞി (77), താവക്കര സ്വദേശിനി നളിനി (73) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2329 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

3,11,237 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11,237 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,95,981 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,256 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1716 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു പുതിയ ഹോട്ട് സ്പോട്ട്

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ആലപ്പുഴ ജില്ലയിലെ മുഹമ്മയാണ് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11) പുതിയ ഹോട്ട് സ്‌പോട്ട്. 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 473 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.