1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2019

സ്വന്തം ലേഖകന്‍: ഫോണിയുടെ സംഹാര താണ്ഡവം അവസാനിച്ചു; 24 മണിക്കൂര്‍ കൊണ്ട് മാറ്റിപ്പാര്‍പ്പിച്ചത് 24 ലക്ഷം പേരെ; ഇത് ചരിത്രമെന്ന് ഒഡീഷ മുഖ്യമന്ത്രി. ഫോണി ചുഴലിക്കാറ്റിന്റെ അതിതീവ്ര സ്വഭാവം അവസാനിച്ചു. ഫോണി ബംഗ്ലാദേശിലേക്ക് പ്രവേശിച്ചുവെങ്കിലും പശ്ചിമ ബംഗാളിലെ മിക്കയിടങ്ങളിലും മഴ തുടരുകയാണ്. വന്‍നാശം വിതച്ച ഒഡീഷയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി.

ഇന്നലെ രാവിലെയാണ് പശ്ചിമബംഗാളില്‍ നിന്ന് ബംഗ്ലാദേശ് തീരത്തേക്ക് ഫോണി പ്രവേശിച്ചത്. ഒഡീഷയില്‍ 12 പേരും ബംഗ്ലാദേശില്‍ 14 പേരും ദുരന്തത്തില്‍ മരിച്ചു. 63 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം.ഭൂരിഭാഗം മരണവും മരങ്ങള്‍ കടപുഴകി വീണതുകൊണ്ട് സംഭവിച്ചതാണ്. ഒഡീഷയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പതിനഞ്ച് ദിവസം പാചകം ചെയ്ത ഭക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

ഫോനി ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുന്നതിന് മുമ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 1.2 മില്ല്യണ്‍ 12 ലക്ഷം) ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന് പട്‌നായിക്ക് അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ ഒഴിപ്പിക്കലാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 4.5 കോടി ജനങ്ങളെയും പട്‌നായിക്ക് അഭിനന്ദിച്ചു. അപൂര്‍വ്വമായുണ്ടായ വേനല്‍ക്കാല കൊടുങ്കാറ്റായ ഫോനി 43 വര്‍ഷത്തിനിടെ ആദ്യമായാണ് സംസ്ഥാനത്തെ ബാധിച്ചതെന്ന് പട്‌നായിക്ക് പറഞ്ഞു. അപൂര്‍വ്വമായതിനാല്‍ കൊടുങ്കാറ്റിന്റെ പോക്ക് പ്രവചിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷെ എല്ലാ സാധ്യതകളും മുന്നില്‍ക്കണ്ട് ഞങ്ങള്‍ ഒരുങ്ങി നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫോനി ചുഴലിക്കൊടുങ്കാറ്റിനെ പ്രതിരോധിക്കുന്നതിനായി ഒഡീഷ വന്‍ സന്നാഹമാണ് ഒരുക്കിയതെന്ന് വിദേശമാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍, വിമാന ഗതാഗതങ്ങളെല്ലാം നിര്‍ത്തി വെച്ചിരുന്നു.

ദുരന്തസമയത്ത് 26 ലക്ഷം ടെക്സ്റ്റ് സന്ദേശങ്ങളാണ് സംസ്ഥാനം സുരക്ഷയ്ക്കായി പരസ്പരം കൈമാറിയതെന്നും 43,000 വളണ്ടിയര്‍മാരും 1,000 അടിയന്തര രക്ഷപ്രവര്‍ത്തകരും ഫോനിയെ നേരിടാന്‍ അണി നിരന്നതായും ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ഹരികുമാര്‍, ജെഫ്രി ജെന്റില്‍മാന്‍, സമീര്‍ യാസിര്‍ എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.