1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2021

സ്വന്തം ലേഖകൻ: ഒമാന്‍ തീരത്ത് വീശിയടിച്ച ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയിലും പ്രളയത്തിലുമായി തിങ്കളാഴ്ച എട്ടു പേര്‍ കൂടി മരിച്ചു. ഇതോടെ ഷഹീന്‍ ചുഴലി കാരണം മരണപ്പെട്ടവരുടെ എണ്ണം 11 ആയി. നോര്‍ത്ത് അല്‍ ബത്തീന ഗവര്‍ണറേറ്റിലാണ് എട്ടു മരണങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതെന്ന് നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. ഏതാനും പേരെ ഒഴുക്കില്‍ പെട്ട് കാണാതായതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഷഹീന്‍ ചുഴലിയുടെ നേരിട്ടുള്ള ആക്രമണം അവസാനിച്ചതായും കാറ്റിന്റെ ശക്തി കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ഷഹീന്‍ ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത കാറ്റും മഴയും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും തുടര്‍ന്നു. ഒമാനിലെ ബത്തീന ഗവര്‍ണറേറ്റിലെ സുവൈഖ്, അല്‍ ഖബൂറ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ഖബൂറ പ്രവിശ്യയില്‍ 369 മില്ലീമീറ്റര്‍ മഴയാണ് ഇന്നലെ ലഭിച്ചത്. അല്‍ സുവൈഖില്‍ 300 മില്ലീമീറ്ററും മഴയുണ്ടായി. നോര്‍ത്ത് അല്‍ ബത്തീനയിലെ സഹം, മസ്‌ക്കറ്റിലെ ബര്‍ക്ക, ബൗഷര്‍ എന്നിവിടങ്ങളില്‍ 200നും 215മും ഇടയില്‍ മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്.

തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന – സുവൈഖ് പ്രവിശ്യകളില്‍ അതിശക്തമായ കാറ്റോടും കനത്ത മഴയോടുംകൂടിയാണ് ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊട്ടത്. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയായിരുന്നു ചുഴലിക്കാറ്റിന് ഉണ്ടായിരുന്നത്. പിന്നീട് വേഗത 102 മുതല്‍ 116 കിലോമീറ്റര്‍ വരെയായി കുറഞ്ഞു. അതേസമയം, ഷഹീന്‍ ചുഴലിക്കാറ്റ് മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക മന്ത്രിതല സമിതിയെ സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരീഖ് നിയോഗിച്ചു.

ധനകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് സുല്‍ത്താന്‍ രൂപം നല്‍കിയിരിക്കുന്നത്. കാറ്റിലും മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ജനങ്ങള്‍ക്കും വീടുകള്‍ക്കും റോഡുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റ് സ്വത്തുക്കള്‍ക്കുമുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ കണക്കുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുവാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഷഹീന്‍ ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാനുള്ള ചുമതലയും കമ്മിറ്റിക്ക് നല്‍കി.

തകര്‍ന്ന റോഡുകള്‍, വൈദ്യുതി വിതരണ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കേടുപാടുകള്‍ എത്രയും വേഗം തീര്‍ത്ത് അവ പ്രവര്‍ത്തന സജ്ജമാക്കാനും സുല്‍ത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പലയിടങ്ങളിലായി കുടുങ്ങിപ്പോയ നിരവധി പേരെ റോയല്‍ ഒമാന്‍ പോലിസ്, റോയല്‍ എയര്‍ ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് തുടങ്ങിയ സുരക്ഷാ വിഭാഗങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി.

അല്‍ ദാഹിറ, നോര്‍ത്ത് അല്‍ ബത്തീന, സൗത്ത് അല്‍ ബത്തീന, അല്‍ ബുറൈമി, അല്‍ ദാഖിലിയ്യ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടങ്ങളുണ്ടായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ബര്‍ക്ക, മുസന്ന, സുവൈഖ് എന്നിവിടങ്ങളില്‍ വൈദ്യുതി ബന്ധം തകരാറായി. സുവൈഖ് പ്രവിശ്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്ന കെട്ടിടം തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ തൊഴിലാളികളെ സുരക്ഷാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയതായി നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.

അതിനിടെ, ശക്തമായ മഴയെ തുടര്‍ന്ന് അല്‍ ഖൂദ് അണക്കെട്ട് കവിഞ്ഞൊഴുകിയതായി കൃഷി മന്ത്രാലയം അറിയിച്ചു. ആളുകള്‍ വാദികള്‍ മുറിച്ചു കടക്കുമ്പോഴും റോഡുകള്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളിലും താഴ്ന്ന ഇടങ്ങളിലും താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സജ്ജീകരിച്ച 166 അഭയ കേന്ദ്രങ്ങളില്‍ 84 എണ്ണത്തിലാണ് ആളുകളെ പാര്‍പ്പിച്ചത്.

3717 സ്വദേശികളും 1420 പ്രവാസികളും ഉള്‍പ്പെടെ 5137 പേര്‍ ഇന്നലെ രാത്രിയോടെ ഈ കേന്ദ്രങ്ങളിലെത്തിയതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പേര്‍ക്ക് രെയാണ് പ്രവേശിപ്പിച്ചത്. സൈക്ലോണ്‍ ബാധിത പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങള്‍ അടച്ചിടാനും പഠനം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റാനും ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശം നല്‍കി.

ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തുക്കുന്നതിനായി ഒമാന്‍ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷനും മറ്റും ജീവകാരുണ്യ സംഘടനകളും ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടു. ഓണ്‍ലൈനായി പണം സംഭാവന ചെയ്യാനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, ദുരിതത്തിലായവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഒരു ലക്ഷം റിയാല്‍ മാറ്റിവച്ചതായി ഒമാന്‍ ടെല്‍ അറിയിച്ചു. വിവിധ വ്യക്തികളും സ്ഥാപനങ്ങളും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് അവധി നല്‍കാന്‍ തൊഴില്‍ മന്ത്രാലയം തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥിതിഗതികള്‍ സാധാരണ നിലയിലാവുന്നതു വരെ അവര്‍ക്ക് ജോലിക്കെത്തുന്നതില്‍ നിന്ന് നിന്ന് ഇളവ് അനുവദിക്കണമന്നാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചുഴലി ബാധിത പ്രദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. അവര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കാനാണ് മന്ത്രാലയം തൊഴിലുടമകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വര്‍ക്ക് ഫ്രം ഹോം രീതി അനുവര്‍ത്തിക്കാന്‍ സാധിക്കുന്ന കമ്പനികള്‍ അങ്ങനെ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.