1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2021

സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി യു എ ഇ. ഖൊർഫുക്കാൻ, ഫുജൈറ തീരങ്ങളിൽ യു എ ഇ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചിൽ പോകരുതെന്നാണ് നിർദേശം. ഷഹീൻ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ള യുഎഇയുടെ തീരപ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ചൊവ്വാഴ്ച വരെ ജോലി നിർത്തിവയ്ക്കാമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.

യുഎഇയുടെ വടക്കുകിഴക്കൻ മേഖലകളിലെ സ്കൂളുകളോട് നാളെ വരെ പഠനം പൂർണമായി ഇ–ലേണിങിലേക്കു മാറാൻ വിദ്യാഭ്യാസ വകുപ്പും നിർദേശം നൽകി. ഫുജൈറ, അൽഐൻ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റിനു വേഗം കൂടുക.

ജോലി സ്ഥലത്ത് ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രതിരോധ നടപടികൾ ഉറപ്പാക്കാനും കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഏതു അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും ആശുപത്രി അധികൃതർക്കും നിർദേശം നൽകി. ബീച്ചിലും താഴ് വാരങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ പോകുന്നതും നിരോധിച്ചു.

കാറ്റും മഴയും ശക്തിപ്പെടുന്നതോടെ ദൂരക്കാഴ്ച കുറയാനിടയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു. തിരമാല ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്നും പറഞ്ഞു. അൽഐനിൽ നാളെ വൈകിട്ട് 4 വരെ നിർമാണ ജോലികൾ നിർത്തിവച്ചു.

ചൊവ്വ വരെ ഇ–ലേണിങിലേക്കു മാറാൻ അൽഐനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ഹത്ത (ദുബായ്), ഖോർഫക്കാൻ, കൽബ, ദിബ്ബ (ഷാർജ), മസ്ഫൂത്, മനാമ (അജ്മാൻ), റാസൽഖൈമയുടെ തേക്കൻ മേഖല എന്നിവിടങ്ങളിലെ സ്കൂളുകളും നാളെ വരെ പൂർണമായും ഇ–ലേണിങിലേക്കു മാറും.

യുഎഇയിൽ ഷഹീൻ ചുഴലിക്കാറ്റിന്റെ ആഘാതം കുറയ്ക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ആഹ്വാനം ചെയ്ത് അബുദാബി പൊലീസ്. ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവരും പുറത്തുപോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും ഓർമിപ്പിച്ചു.

റോഡുകളിലെ ഡിജിറ്റൽ സ്ക്രീനുകളിലും മറ്റു ദിശാ സൂചകങ്ങളിലും കാണിച്ചിരിക്കുന്ന താൽക്കാലിക വേഗപരിധി (80 കി.മീ) പാലിക്കുക, വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക, അരുവി, താഴ്ന്ന പ്രദേശങ്ങൾ തുടങ്ങി വെള്ളക്കെട്ടിനു സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കുക, വാഹനമോടിക്കുമ്പോൾ ചിത്രവും ദൃശ്യവും പകർത്താതിരിക്കുക, വൈദ്യുത ലൈനുകൾ, തുറസ്സായ സ്ഥലങ്ങൾ, മരങ്ങൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കുക, കാലാവസ്ഥാ മുന്നറിയിപ്പുകളും വാർത്തകളും ശ്രദ്ധിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.