
സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ യാസ് കരതൊട്ടു. രാവിലെ പത്തിനും 11നും ഇടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിലാണ് യാസ് പ്രവേശിച്ചു തുടങ്ങിയത്. ഉച്ചയോടെ യാസ് പൂർണമായും കരയിലേക്ക് കടക്കും. പശ്ചിമബംഗാൾ. ഒഡീഷ തീരങ്ങളിൽ കനത്ത കാറ്റാണ് വീശുന്നത്.
ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കരയിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ പരമാവധി 130 മുതൽ 140 കിലോമീറ്റർ വരെയാകും യാസിന്റെ വേഗം. ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു പേര് മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാള്‍ 11.5 ലക്ഷം പേരെയും ഒഡിഷ ആറുലക്ഷം പേരെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറ്റിയത്. കോൽക്കത്ത നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി കോൽക്കത്ത വിമാനത്താവളം അടക്കുകയും ചെയ്തു.
യാസ് ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറവും വയനാടും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജലനിരപ്പ് ഉയർന്നതോടെ മൂഴിയാർ, മണിയാർ, കല്ലാർകുട്ടി, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. നദികളുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രതാ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല