1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2017

സ്വന്തം ലേഖകന്‍: ആയുര്‍വേദം, ടൂറിസം മേഖലകളില്‍ കേരളവും ചെക്ക് റിപ്പബ്ലിക്കും കൈകോര്‍ക്കുന്നു, തിരുവനന്തപുരത്ത് ചെക്ക് റിപ്പബ്ലിക് വിസാ ഓഫീസ് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ചെക്ക് അംബാസഡര്‍ മിലന്‍ ഹൊവോര്‍ക്ക, പാര്‍ലമെന്റ് ഡപ്യൂട്ടി സ്പീക്കര്‍ റദേക് വൊന്‍ഡ്രാസെക്, ചെക്ക് പാര്‍ലമെന്റിന്റെ ഹെല്‍ത്ത്‌കെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊ. റോസ്റ്റിസ്ലാവ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

മുഖ്യമന്ത്രിയുടെ ചേംബറില്‍ വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച. കേരളവുമായി കൂടുതല്‍ സഹകരിക്കുന്നതിന്റെ ഭാഗമായി ചെക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ വിസ ഓഫീസ് തിരുവന്തപുരത്ത് തുറക്കുമെന്ന് അംബാസഡര്‍ മിലന്‍ ഹൊവോര്‍ക്ക അറിയിച്ചു. കൊച്ചിയില്‍ ഇപ്പോള്‍ വിസ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ചെക്ക് റിപ്പബ്ലിക്കിന്റെ രണ്ട് വിസ ഓഫീസുള്ള ഏക സംസ്ഥാനമായിരിക്കും കേരളമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ കൂടി താല്‍പ്പര്യം കണക്കിലെടുത്താണ് ലോക നിലവാരത്തിലുള്ള ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടും ഗവേഷണ കേന്ദ്രവും തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്തുനിന്ന് വരുന്ന സഞ്ചാരികളില്‍ ഒരു പങ്ക് ആയുര്‍വേദ ചികിത്സയും കഴിഞ്ഞാണ് തിരിച്ചു പോകുന്നത്. രോഗചികിത്സ എന്ന നിലയില്‍ മാത്രമല്ല, രോഗ പ്രതിരോധത്തിലും ആയുര്‍വേദം ഏറെ ഫലപ്രദമാണ്.

ചെക്ക് റിപ്പബ്ലിക് പോലെ കേരളവും പ്രകൃതി മനോഹരമാണ്. ടൂറിസം രംഗത്ത് ഇരുകൂട്ടര്‍ക്കും സഹകരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന പോലെ പരിസ്ഥിതി സൗഹൃദമായ വ്യവസായ മേഖലകളിലും ചെക്കുമായി സഹകരിക്കാന്‍ കേരളത്തിന് താല്‍പ്പര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗരോര്‍ജം പോലെ പാരമ്പര്യേതര ഊര്‍ജത്തിന്റെ രംഗത്തും സഹകരണമാവാമെന്ന് ചെക്ക് പ്രതിനിധികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.