1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാട് ആയി വിശേഷിക്കപ്പെടുന്നതാണ് കഴിഞ്ഞ ദിവസം മുംബെെയിൽ നടന്നത്. 1001 കോടി രൂപയ്ക്കാണ് ദക്ഷിണ മുംബെെയിലെ ഇരുനില ബം​ഗ്ലാവ് വിൽപന നടത്തിയത്. ഡി-മാർട്ട് സൂപ്പർ മാർട്ട് ഉടമ രാധാകിഷൻ ദമാനിയും സഹോദരൻ ​ഗോപീകിഷൻ ദമാനിയുമാണ് ഈ ബം​ഗ്ലാവ് മോഹവില കൊടുത്ത് വാങ്ങിയത്.

ദക്ഷിണ മുംബെെയിലെ മലബാർ ഹില്ലിൽ നാരായൺ ദാബോൽക്കർ റോഡിനടുത്ത് ഒന്നര ഏക്കറിലാണ് മധുകുഞ്ജ് എന്ന ഇരുനില ബം​ഗ്ലാവ് സ്ഥിതി ചെയ്യുന്നത്. നാരായൺ ദാബോൽക്കർ റോഡിന്റെ ഒരു മൂലയ്ക്കാണ് ഈ ബം​ഗ്ലാവിന്റെ സ്ഥാനം. മുകേഷ് അംബാനി ഉൾപ്പടെ ഏറ്റവും ധനികർ താമസിക്കുന്ന സ്ഥലമാണ് മലബാർ ഹിൽ.

ഇവിടങ്ങളിൽ ഒരു സ്ക്വയർ ഫീറ്റിന് എൺപതിനായിരവും അതിൽ കൂടുതലുമൊക്കെയാണ് വില. അതും അപ്പാർട്ട്മെന്റിന് അനുസരിച്ച്. ഒരു ഏക്കറിന് 400 കോടിയിൽ ഏറെ വില വരുന്ന സ്ഥലമാണിത്. ആർട്ട് ഡെക്കോ സ്റ്റെെലിലാണ് ഈ ബം​ഗ്ലാവ് പണിതിരിക്കുന്നത്. ഈ ബം​ഗ്ലാവിന് 90 വർഷം പഴക്കമുണ്ട്. 60,000 ചതുരശ്ര അടിയാണ് ബിൽറ്റ് അപ് ഏരിയ. ഓപ്പൺ ടെറസും വലിയ കോംപൗണ്ടും ഈ ബം​ഗ്ലാവിനുണ്ട്.

30 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയ്ക്കായി അടച്ചത്. മുൻകാലത്ത് ഇത്തരത്തിൽ വലിയ വിലകൊടുത്ത് ഈ ഭാ​ഗത്ത് ബം​ഗ്ലാവ് വാങ്ങിയവർ പിന്നീട് അത് പൊളിച്ചു പണിയുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇപ്പോൾ വാങ്ങിയവരുടെ ഭാവി പദ്ധതികൾ എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പരമ്പരാ​ഗത വ്യാപാരികളായ പ്രേചന്ദ് റോയ്ചന്ദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബം​ഗ്ലാവ്. ഈ കുടുംബത്തിന്റെ പൂർവികരാണ് 19ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വെനീഷ്യൻ ​ഗോഥിക് സ്റ്റെെലിൽ ഫോർട്ടിൽ രാജാബായി ക്ലോക്ക് ടവർ നിർമ്മിച്ചത്. ഈ ബം​ഗ്ലാവ് വാങ്ങിയ രാധാകിഷൻ ദമാനിയും സഹോദരൻ ​ഗോപീകിഷൻ ദമാനിയും അടുത്തിടെ താനെയിലെ എട്ട് ഏക്കർ സ്ഥലം 250 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു.

2015 ൽ സെെറസ് പൂനെവാലയും മകൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്ത്യ ഉടമ അദാർ പൂനെവാലയും ദക്ഷിണ മുംബെെയിലെ ബ്രീച്ച് കാൻഡിയിൽ മുൻ യു.എസ്. കോൺസുലേറ്റിന്റെ വസ്തുവായ ലിങ്കൺ ഹൗസ് 750 കോടിക്ക് വാങ്ങിയിരുന്നു. പിന്നീട് അത് ഡിഫസൻസ് എസ്റ്റേറ്റ്സിന് കെെമാറി. 2014 ൽ ​ഗോ​ദെറെജ് കുടുംബം മലബാർ ഹില്ലിലെ മെഹറാം​ഗീർ എന്ന ഹോമി ഭാഭയുടെ ബം​ഗ്ലാവ് 372 കോടി നൽകി സ്വന്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.