1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2017

സ്വന്തം ലേഖകന്‍: ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം, ചൈന വീണ്ടും മീശപിരിക്കുന്നു, വിരട്ടാന്‍ നോക്കരുതെന്ന് ഇന്ത്യ. ടിബറ്റന്‍ ആത്മീയാചാര്യനും പരമോന്നത നേതാവുമായ ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന വാദം വീണ്ടും ഉയര്‍ത്തി ചൈന രംഗത്തെത്തി. അരുണാചല്‍പ്രദേശില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്ക പ്രദേശത്താണ് ദലൈലാമ സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനത്തിന് അനുവദിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. ഇന്ത്യ ചൈന അതിര്‍ത്തിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ തീരുമാനം ശക്തമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലൂ കാങ് പറഞ്ഞു.

ദലൈലാമയുടെ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്തകളെ ഗൗരവത്തോടെയാണ് ചൈന കാണുന്നത്. ഇന്ത്യചൈന അതിര്‍ത്തിയുടെ കിഴക്കന്‍ ഭാഗത്തെ സംബന്ധിച്ച് ചൈനയുടെ നിലപാട് വ്യക്തമാണെന്നും ലു കാങ് പറഞ്ഞു. ദലൈലാമയും സംഘവും ചൈനാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏറെക്കാലമായി ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവുള്ളതാണ്. എന്നിട്ടും ഇപ്പോള്‍ ദലൈലാമയെ പ്രദേശം സന്ദര്‍ശിക്കാന്‍ ഇന്ത്യ ക്ഷണിച്ചിരിക്കുകയാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വലിയ ദോഷം ചെയ്യും ലു കാങ് പറഞ്ഞു.

ദലൈലാമയ്ക്ക് ഇന്ത്യയില്‍ സ്വാധീനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടുമെന്നാണ് ചൈന കരുതുന്നത്. അരുണാചല്‍ പ്രദേശില്‍ ചൈന അവകാശം ഉന്നയിക്കവേയാണ് ദലൈലാമയുടെ സന്ദര്‍ശമെന്നത് ചൈനയെ തീര്‍ത്തും പ്രതിസന്ധിയിലാഴ്ത്തുന്നു. ദലൈലാമയ്ക്ക് രാഷ്ട്രപതി ഭവനില്‍ ഇന്ത്യ ആതിഥേയത്വം നല്‍കിയതിലും ചൈന വലിയ തോതിലുള്ള എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. ഒരു മത നേതാവെന്ന നിലയില്‍ ഒരു രാജ്യത്തെ സര്‍ക്കാരിന്റെ അനുവാദം ലഭിച്ചാല്‍ ആര്‍ക്കും സന്ദര്‍ശനം സാധിക്കുമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഈ മാസം നാലു മുതല്‍ 13 വരെയാണ് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. അടുത്തിടെ ഇത് രണ്ടാം തവണയാണ് ദലൈലാമയുടെ സന്ദര്‍ശവുമായി ബന്ധപ്പെട്ട് ചൈന അഭിപ്രായപ്രകടനം നടത്തുന്നത്. 2009ല്‍ അരുണാചലിലെ തവാങിലെ ബുദ്ധവിഹാരത്തില്‍ നടന്ന ആഘോഷത്തില്‍ ദലൈലാമ പങ്കെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.