1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2018

സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ മറാത്താ, ദലിത് സംഘര്‍ഷം പടരുന്നു, ഒരാള്‍ കൊല്ലപ്പെട്ടു, ബുധനാഴ്ച ബന്ദ്. ദലിത് വിഭാഗങ്ങളും മറാത്താ വിഭാഗവും തമ്മിലാണ് കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് കൊല്ലപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നാളെ മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ജനുവരി ഒന്നിന് ഭീമ കൊറിഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലേക്ക് പോവുകയായിരുന്ന ദലിത് സംഘത്തെ മറാത്തികള്‍ അക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

1818 ല്‍ നടന്ന യുദ്ധത്തില്‍ ദലിതുകള്‍ ഉള്‍പ്പെട്ട ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സവര്‍ണവിഭാഗങ്ങള്‍ ഉള്‍പ്പെട്ട പേഷ്വാ സൈന്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. ഈ ദിനത്തെ വിജയ് ദിവസ് ആയിട്ടാണ് ദലിതുകള്‍ ആഘോഷിക്കുന്നത്.

പൂനെയ്ക്ക് സമീപം ഭീമ കൊറിഗാവോണിലാണ് കഴിഞ്ഞ ദിവസം ദലിത്മറാത്താ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇത് ഇന്ന് മുംബൈയിലെ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യുവാവിന്റെ മരണത്തില്‍ സിഐഡി അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഘര്‍ഷത്തെ തുടര്‍ന്ന് പൂനെയിലെ ഹദാപ്‌സര്‍, ഫര്‍സുങ്ഗി എന്നിവിടങ്ങളില്‍ ബസുകള്‍ അടിച്ചുതകര്‍ത്തു. സമരക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ചെമ്പൂര്‍ഗോവിന്ദ് റൂട്ടിലുള്ള റെയില്‍ ഗതാഗതം നിലച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ നാലോ അതിലധികമോ ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്ന് കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി സ്‌കൂളുകളും കോളെജുകളും അടച്ചിട്ടിരിക്കുകയാണ്.

വാക്കേറ്റവും കൈയേറ്റവും പൊടുന്നനെ വലിയ സംഘര്‍ഷത്തിലേക്ക് മാറുകയും സ്ഥിതി നിയന്ത്രണാതീതം ആവുകയുമയിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഉയര്‍ന്ന ജാതിയില്‍പെട്ട ആളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.