സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയില്‍ ദലിത് സംഘടനകളുടെ ഭാരത് ബന്ദിനെതിരായ പ്രതിഷേധം ആക്രമാസക്തം; രാജസ്ഥാനില്‍ ദലിത് എംഎല്‍എയുടെ വീട് കത്തിച്ചു. ബിജെപി നിയമസഭാംഗവും ദലിത് എംഎല്‍എയുമായ രാജ്കുമാരി ജാദവിന്റെ വീടാണ് അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം തീവെച്ചത്. രാജസ്ഥാനിലെ കരോളി ജില്ലയിലാണ് സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഭരോസിലാല്‍ ജാദവിന്റെ വീടിനു നേരയും ആക്രമണം ഉണ്ടായി. സ്ഥലത്ത് പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികജാതിപട്ടികവര്‍ഗ പീഡനനിരോധന നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ചാണ് ദലിത് സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും പൊലീസ് വെടിവെയ്പിലും 11 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
പ്രതിഷേധക്കാരോട് സംയമനം പാലിക്കണമെന്നും, സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നിട്ടിറങ്ങണമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലോക്‌സഭയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പട്ടികജാതിപട്ടികവര്‍ഗ നിയമപ്രകാരമുള്ള പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്വകാര്യ വ്യക്തികളെയും ഉടന്‍ അറസ്റ്റ് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രിം കോടതി മാര്‍ച്ച് 21 ന് വിധി പുറപ്പെടുവിച്ചതാണ് ദളിത് സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല