
സ്വന്തം ലേഖകൻ: മൂന്നാം ദിവസവും തകര്‍ച്ച നേരിട്ടതോടെ അദാനി ഓഹരികളുടെ വിപണി മൂല്യത്തില്‍ അഞ്ച് ലക്ഷം കോടി രൂപ നഷ്ടമായി. അതേസമയം, പത്ത് ഓഹരികളില്‍ മൂന്നെണ്ണം നേട്ടത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു. രണ്ടു ദിവസത്തെ തിരിച്ചടിയ്ക്കു ശേഷം അദാനി എന്റര്‍പ്രൈസസ്(4.30ശതമാനം), അദാനി പോര്‍ട്‌സ് (1.88ശതമാനം), അംബുജ സിമന്റ്‌സ്(4.23ശതമാനം) എന്നീ ഓഹരികള്‍ നേട്ടത്തിലേയ്ക്ക് തിരിച്ചെത്തി.
അദാനി ഗ്രീന്‍ എനര്‍ജി(17.35ശതമാനം), അദാനി ട്രാന്‍സ് മിഷന്‍(20ശതമാനം), അദാനി ടോട്ടല്‍ ഗ്യാസ് (20ശതമാനം), അദാനി പവര്‍(5ശതമാനം), എന്‍ഡിടിവി(4.99ശതമാനം), അദാനി വില്‍മര്‍(5ശതമാനം), എസിസി(17.38ശതമാനം) എന്നീ ഓഹരികളാണ് തിങ്കളാഴ്ചയും നഷ്ടത്തിലായത്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ് മിഷന്‍ എന്നീ ഓഹരികളില്‍ കനത്ത തകര്‍ച്ച തുടരുകയാണ്.
അദാനി ട്രാന്‍സ്മിഷന്റെയും അദാനി ഗ്രീനിന്റെയും ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. യഥാക്രമം 1,625, 1,202 എന്നീ നിലവാരത്തിലാണ് ഈ ഓഹരികളില്‍ വ്യാപാരം നടക്കുന്നത്. ഇതോടെ മൂന്ന് വ്യാപാര ദിനങ്ങളിലായി വിപണി മൂല്യത്തില്‍ 5.17 ലക്ഷം കോടി രൂപയാണ് നഷ്ടമുണ്ടായത്. തിങ്കളാഴ്ച മാത്രം നിക്ഷേപകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെയും.
3,000 കോടി മൂല്യമുള്ള ഓഹരികള്‍ തിരികെ വാങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അദാനി പോര്‍ട്‌സിന്റെയും അംബുജ സിമന്റ്‌സിന്റെയും ഓഹരി വിലയില്‍ നേട്ടമുണ്ടാകാന്‍ കാരണം. വരും ആഴ്ചകളില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 33ശതമാനം ഇടിവോടെയാണ് അംബുജ സിമന്റ്‌സിന്റെ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.
അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില, എഫ്പിഒ പ്രൈസ് ബാന്‍ഡായ 3,112-3276 നിലവാരത്തിന് താഴെയാണെങ്കിലും വിലയിലോ തിയതികളിലൊ മാറ്റമുണ്ടാകില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 20,000 കോടി രൂപയുടെ എഫ്പിഒ 31ന് അവസാനിക്കും.
അതിനിടെ അമേരിക്കന്‍ നിക്ഷേപ – ഗവേഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബര്‍ഗും അദാനി ഗ്രൂപ്പും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ തുടരുന്നു. ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് 413 പേജുള്ള വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് 30 പേജിലുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ് തിങ്കളാഴ്ച രംഗത്തെത്തി. ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവെക്കാന്‍ കഴിയില്ലെന്നാണ് ഹിന്‍ഡന്‍ബര്‍ മറുപടിയില്‍ ആരോപിക്കുന്നത്.
പ്രധാന ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഊതിവീര്‍പ്പിച്ച വിശദീകരണമാണ് അദാനി ഗ്രൂപ്പ് നല്‍കിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് മറുപടിയില്‍ പറയുന്നു. വിദേശത്തുള്ള കമ്പനികളുമായി നടത്തിയ സംശയകരമായ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടേയില്ല. 88 ചോദ്യങ്ങളില്‍ 62 എണ്ണത്തിനും കൃത്യമായ മറുപടി നല്‍കാന്‍ അദാനി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ലെന്നും മറുപടിയില്‍ ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യക്കുനേരെ കണക്കുകൂട്ടിയുള്ള ആക്രമണമാണെന്ന് നേരത്തെ അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവെക്കാനാകില്ലെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ പരാമര്‍ശം. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളെല്ലാം നുണയാണെന്നും അദാനി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
ഇത് ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യക്കും ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം എന്നിവയ്ക്കും ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്കും അതിന്റെ വളര്‍ച്ചാ കഥയ്ക്കും നേരെയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണ്. ഹിന്‍ഡന്‍ബര്‍ഗിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി ഗൂഢലക്ഷ്യമുണ്ട്. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് കളവല്ലാതെ മറ്റൊന്നുമല്ല.
ഒരു ഗൂഢലക്ഷ്യത്തോടെയുള്ള അടിസ്ഥാനരഹിതവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെയും മറച്ചുവെച്ച വസ്തുതകളുടെയും സംയോജനമാണ് അവരുടെ റിപ്പോര്‍ട്ട്. തെറ്റായ വിപണി സൃഷ്ടിച്ച് സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നുണ്ട്. അദാനി എന്റര്‍പ്രൈസസിന്റെ ഫോളോഓണ്‍ പബ്ലിക് ഓഫര്‍ തുടങ്ങുന്ന സമയം തന്നെ ഇത്തരമൊരു റിപ്പോര്‍ട്ട് കൊണ്ടുവന്നതിലെ ദുരുദ്ദേശ്യം വ്യക്തമാണ് – അദാനിയുടെ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. ഇവയ്‌ക്കെല്ലാമാണ് ഹിന്‍ഡന്‍ബര്‍ഗിന് 30 പേജില്‍ മറുപടി നല്‍കിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല