1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2023

സ്വന്തം ലേഖകൻ: യുകെയിലെ ദേശീയ മാധ്യമങ്ങളില്‍ പലപ്പോഴും മലയാളി മുഖങ്ങള്‍ പ്രത്യക്ഷപ്പെടുക പതിവില്ല. എന്നാൽ യുകെയിലെ നഴ്സുമാരുടെ ഒരു ദിവസം എങ്ങനെ ആയിരിക്കുമെന്നു ഫോട്ടോ സ്റ്റോറിയിലൂടെ ദി ഗാർഡിയൻ പുറത്തെത്തിച്ചപ്പോൾ അതിലിടം നേടി വ്യാപക ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളിയായ ബിജോയ്‌ സെബാസ്റ്റ്യൻ. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ (യുസിഎൽഎച്ച്) ബാൻഡ് 8 എ സീനിയർ നഴ്‌സായ ബിജോയ്‌ സെബാസ്റ്റ്യന്റെ രാവിലെ 8 മുതൽ രാത്രി 8.30 വരെ ഉള്ള ആശുപത്രിയിലെ നഴ്സിങ് ജോലിയെ കുറിച്ച് വിശദമായ വിവരണമാണ് ദി ഗാർഡിയനിലൂടെ ഫ്രീലാൻസ് ഫോട്ടോ ജേർണലിസ്റ്റായ ടോം പിൽസ്റ്റൻ നൽകിയിരിക്കുന്നത്.

ഫോട്ടോ ഫീച്ചറിനായി ടോം പിൽസ്റ്റൻ യുസിഎൽഎച്ചിനെ സമീപിച്ചപ്പോൾ മീഡിയ വിഭാഗമാണ് ബിജോയ് സെബാസ്റ്റ്യന്റെ പേരു നിർദ്ദേശിച്ചത്. ഫോട്ടോ ഫീച്ചർ യുസിഎൽഎച്ച് ചീഫ് നഴ്സ് വനേസ സ്വീനി ഉൾപ്പടെയുള്ള പ്രമുഖർ ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട്. ഡ്യൂട്ടി സമയത്തിനു ശേഷം നഴ്സുമാർ വേതനം ഇല്ലാതെ ചെയ്യുന്ന ഒരു മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെയുള്ള അധിക ജോലിയെ കുറിച്ചും ഫോട്ടോ സ്റ്റോറിയിൽ വിവരിക്കുന്നുണ്ട്. ലണ്ടൻ പോലെ തിരക്കേറിയ പട്ടണത്തിൽ രാവിലെ 8 മുതൽ രാത്രി 9.30 വരെയുള്ള സമയങ്ങളിൽ ഒരു മണിക്കൂർ അധിക ജോലി ഉൾപ്പടെ ചെയ്ത ശേഷം ഒരു നഴ്സ് സ്വന്തം വീട്ടിലെത്താൻ ഏകദേശം 10.30 ആകുമെന്ന വിവരവും ഫോട്ടോ ഫീച്ചറിലൂടെ വിവരിക്കുന്നു.

ഇതോടൊപ്പം നഴ്സിങ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ സേവന സന്നദ്ധതയും ത്യാഗവും ഫീച്ചറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലണ്ടൻ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഹീത്രൂവിനടുത്തുള്ള ഫെൽത്തമിൽ നിന്നാണ് ഒരു മണിക്കൂറോളം ട്രെയിനിലും ബസിലും സഞ്ചരിച്ച് ബിജോയ്‌ ജോലിക്ക് എത്തുന്നത്. ഏകദേശം രണ്ട് മണിക്കൂറോളം യാത്രയ്ക്കായി മാറ്റി വയ്ക്കണം. ഏകദേശം ഒരു മണിക്കൂറോളം വേതനമില്ലാത്ത അധിക ജോലിയും ചെയ്യേണ്ടി വരുന്നു.

രാത്രി 8.30 ന് ജോലി പൂർത്തിയാക്കാമെങ്കിലും പലപ്പോഴും, രോഗികൾക്കും ജീവനക്കാർക്കുമുള്ള ഉത്തരവാദിത്തബോധവും പരിചരണവും കാരണം ഒന്നോ രണ്ടോ മണിക്കൂർ കൂടി ചിലപ്പോൾ അധിക ജോലി ചെയ്യേണ്ടി വരുന്നു. റോയൽ കോളജ് ഓഫ് നഴ്സിങ് നടത്തിയ പണിമുടക്കിൽ യുസിഎൽഎച്ചിന്റെ പിക്കറ്റ് ലീഡറായിരുന്നു ബിജോയ്‌. പണിമുടക്കിൽ മലയാളി നഴ്സുമാർ ഉൾപ്പടെ നിരവധി പേരെ രംഗത്ത് എത്തിച്ചതും ബിജോയ്‌ ആണ്.

ഇപ്പോഴത്തെ ശമ്പള വർധന ഇത്തരത്തിൽ മണിക്കൂറുകളോളം അധിക ജോലി സൗജന്യമായി ചെയ്യേണ്ടി വരുന്ന ബാൻഡ് 5, ബാൻഡ് 6 തസ്തികളിലെ നഴ്സുമാർ ഉൾപ്പടെയുള്ളവർക്ക് തൃപ്തികരമല്ല. ഇപ്പോൾ നൽകിയ ഏകദേശം 5% വരുന്ന വർധനക്ക് പകരം ഏറ്റവും കുറഞ്ഞത് 15% മുതൽ 20% വരെയാണ് നൽകേണ്ടിയിരുന്നത്. അത്രയേറെ കഠിനാധ്വനമാണ് നഴ്സിങ് സമൂഹം എൻഎച്ച്എസിൽ ചെയ്യുന്നത്.

കൈരളി യുകെയുടെ ദേശീയ സമിതി അംഗമാണ് ബിജോയ്‌ സെബാസ്റ്റ്യൻ. കൂടാതെ മൂലകോശ ദാതാക്കളെ റജിസ്റ്റർ ചെയ്യുന്ന ഡോ. അജിമോൾ പ്രദീപിന്റെ ‘ഉപഹാർ’ സംഘടനയുമായി കൈരളി യുകെക്ക് വേണ്ടി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ ബിജോയ്‌ കൃഷി വകുപ്പിലെ റിട്ടയേർഡ് സൂപ്രണ്ട് വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ്.

ഇമ്പീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ഹാമർസ്മിത്ത് ആഹ്പത്രിയിലെ ഹെമറ്റോളജി വിഭാഗം ബാൻഡ് 5 നഴ്‌സായ ദിവ്യയാണ് ഭാര്യ. നാലാം ക്ലാസ് വിദ്യാർത്ഥിയായ ഇമ്മാനുവേൽ മകനും. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ തന്നെ ബാൻഡ് 6 നഴ്സുമാരായി ജോലി ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.