1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2021

സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഗംഗയിലൂടെ ഒഴുകി വന്നത് 96 ഓളം അജ്ഞാത മൃതദേഹങ്ങൾ. 71 മൃതദേഹങ്ങൾ ബിഹാറിലെ ബുക്സർ ജില്ലയിൽ നിന്നും 25 മൃതദേഹങ്ങൾ അയൽപ്രദേശായ ഉത്തർപ്രദേശിലെ ഖാസിപൂർ ജില്ലയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവയിൽ പലതും അഴുകുകയും വീർക്കുകയും ചെയ്തിരുന്നു. ഇതിലൂടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിയുന്നുവെന്ന ആശങ്ക ബിഹാറിലെയും ഉത്തർപ്രദേശിലെയും പ്രദേശവാസികളിൽ ഉയർന്നിട്ടുണ്ട്.

ബുക്‌സറിലെ ചൗസ ഗ്രാമത്തിലെ നദിക്കരയിലുള്ള മഹാദേവ ശ്മശാന സ്ഥലത്തിനടുത്തുള്ള ഗ്രാമവാസികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് അവർ ജില്ലാ അധികൃതരെ വിവരം അറിയിച്ചു. കോവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങളാണിതെന്ന് രണ്ടു ജില്ലകളിലെയും അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനയ്ക്കായി സാംപിളുകൾ അയച്ചിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് മൃതദേഹങ്ങൾ ഒഴുകിയിരിക്കാമെന്ന് സംശയിക്കുന്നതായി ബുക്‌സറിലെ പൊലീസ് പറഞ്ഞു.

കേന്ദ്രം ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളോടും കേന്ദ്ര ജൽ ശക്തി മന്ത്രി ഗജേന്ദ്ര സിങ് ശേഖാവത്ത് ചൊവ്വാഴ്ച അന്വേഷണം ആവശ്യപ്പെട്ടു. ”ബിഹാറിലെ ബുക്സറിൽ ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകി വന്നത് നിർഭാഗ്യകരമാണ്. തീർച്ചയായും ഇത് അന്വേഷിക്കേണ്ടതാണ്. ഗംഗയുടെ ഭക്തിയും ശുദ്ധിയും നിലനിർത്താൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ബന്ധപ്പെട്ട സംസ്ഥാനങ്ങൾ ഇക്കാര്യം ഉടൻ മനസ്സിലാക്കണം,” അദ്ദേഹം പറഞ്ഞു.

“ഗംഗയിൽ നിന്ന് 71 മൃതദേഹങ്ങൾ ഞങ്ങൾ ഇതുവരെ കണ്ടെത്തി. എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോർട്ടം നടത്തി, കൂടാതെ ഡി‌എൻ‌എ, കോവിഡ് സാംപിളുകളും എടുത്തിട്ടുണ്ട്,” ബുക്സർ എസ്‌പി നീരജ് കുമാർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സർക്കാരിന്റെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹങ്ങൾ സംസ്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ പ്രദേശവാസികളുടേതാണോയെന്ന് കണ്ടെത്താൻ പൊലീസ് പ്രദേശത്ത് പരിശോധന നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിയാതിരിക്കാൻ പ്രാദേശിക ഭരണകൂടം ഗംഗാ ഘട്ടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബുക്‌സർ ജില്ലാ മജിസ്‌ട്രേറ്റ് അമാൻ സമീർ പറഞ്ഞു. ബുക്സറിൽ ഇതുവരെ 1,172 സജീവ കോവിഡ് കേസുകളുണ്ട്. തിങ്കളാഴ്ച വരെ 26 കോവിഡ് മരണങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ചില സമുദായങ്ങൾ പിന്തുടരുന്ന മൃതദേഹങ്ങൾ നദിയിൽ ഒഴുക്കുന്ന ആചാരമായ ജൽ സമാധി തടയാൻ ഉത്തർപ്രദേശ് സർക്കാർ ഇതിനകം ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് സംസ്ഥാനത്ത് കർശനമായി പാലിക്കുന്നുണ്ടെന്ന് എഡിജി കുമാർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.