1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2023

സ്വന്തം ലേഖകൻ: സുഡാൻ തലസ്ഥാനമായ ഖാർത്തുമിൽ ആഭ്യന്തരസംഘർഷത്തിനിടെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച ആലക്കോട് സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റ്യന്റെ (48) മൃതദേഹം വീട്ടിലെത്തിച്ചു. ശനിയാഴ്ച പുലർച്ചെ 1.15-ഓടെയാണ്‌ വീട്ടിലെത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി ഒട്ടേറെ ആളുകൾ വീട്ടിൽ കാത്തുനിന്നിരുന്നു.

ഡൽഹിയിൽനിന്ന് വെള്ളിയാഴ്ച രാത്രി 9.15-ന് കോഴിക്കോട്‌ വിമാത്താവളത്തിലെത്തിയ ഇൻഡിഗോ എയർലൈൻസിലാണ് മൃതദേഹം കൊണ്ടുവന്നത്. ആൽബർട്ടിന്റെ ഭാര്യാസഹോദരൻ അനൂപ് ടി. ജോൺ, ബന്ധുക്കളായ വിൻസന്റ് മഞ്ചേരിൽ, സോണി മഞ്ചേരിൽ, ബേബി, അബീഷ്, ആൽബിൻ തുടങ്ങിയവർ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളലെത്തിയിരുന്നു.

വിദേശകാര്യമന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് കോഴിക്കോട് പാസ്‌പോർട്ട് ഓഫീസിലെ പി.ടി. രാജഗോപാൽ, നോർക്ക കോഴിക്കോട് റീജണൽ കേന്ദ്രത്തിലെ അസിസ്റ്റന്റ്‌ സെക്‌ഷൻ ഓഫീസർ എം. പ്രശാന്ത് എന്നിവരും വിമാനത്താവളത്തിലെത്തി. ഒൻപതേമുക്കാലോടെ വിമാനത്താവളത്തിനു പുറത്തെത്തിച്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

നോർക്ക ഏർപ്പാടാക്കിയ വാഹനത്തിൽ വീട്ടിലെത്തിച്ച മൃതദേഹം ആൽബർട്ടിന്റെ മാതാപിതാക്കളായ അഗസ്റ്റ്യൻ, മേഴ്സി, ഭാര്യ സൈബല്ല, മകൻ ഓസ്റ്റിൻ, മകൾ മരീറ്റ, സഹോദരിമാർ, മറ്റു ബന്ധുക്കൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

പോർട്ട് സുഡാനിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് ഡൽഹിയിലെത്തിച്ചത്. ഡൽഹിയിൽ വ്യോമസേനയുടെ വിമാനത്താവളത്തിൽ മൃതദേഹം നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഏറ്റുവാങ്ങി. എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെയുള്ള നടപടി പൂർത്തിയാക്കിയശേഷം കോഴിക്കോട്ടേക്ക് വിമാനമാർഗം എത്തിക്കുകയായിരുന്നു.

സുഡാനിലെ ആൽബർട്ടിന്റെ ജോലിസ്ഥലത്ത് ഒരു മാസത്തെ സന്ദർശനത്തിന് ടൂറിസ്റ്റ് വീസയിൽ പോയ ഭാര്യ സൈബല്ലയും മകൾ മരീറ്റയും രണ്ടാഴ്ച മുൻപാണ് ‘ഓപ്പറേഷൻ കാവേരി’ രക്ഷാദൗത്യത്തിൽ നാട്ടിൽ എത്തിയത്. ഏപ്രിൽ 15-ന് ഭാര്യയ്ക്കും മകൾക്കുമൊപ്പം മുറിയിൽനിന്ന് കാനഡയിലുള്ള മകനുമായി മൊബൈലിൽ സംസാരിക്കുന്നതിനിടെയായിരുന്നു ആൽബർട്ടിന് വെടിയേറ്റത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.