സ്വന്തം ലേഖകൻ: 56 കൊല്ലം മുൻപ് വിമാന അപകടത്തിൽ മരിച്ച മലയാളി സൈനികൻ്റ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഓടാലിൽ വീട്ടിൽ തോമസ് ചെറിയാൻ്റ മൃതദേഹമാണ് സൈന്യത്തിന് ലഭിച്ചത്.1968 ഫെബ്രുവരി 7 ന് ലഡാക്കിൽ ഉണ്ടായ ഇന്ത്യൻ എയർഫോഴ്സിൻ്റെ വിമാന അപകടത്തിലാണ് തോമസ് ചെറിയാൻ ഉൾപ്പെടെയുള്ള 102 പേർ മരിച്ചത്.
പരിശീലനത്തിന് ശേഷം 1968 ഫെബ്രുവരി എഴിന് പോസ്റ്റിംഗ് കിട്ടി പോകുന്ന വഴിയുണ്ടായ വിമാനാപകടത്തിലായിരുന്നു തോമസിന്റെ മരണം. റോഹ്താങ് പാസിലെ മഞ്ഞ് മലയിൽ നിന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച രേഖകളിലൂടെയാണ് സൈന്യത്തിന് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്. വിമാനപകടത്തിൽ മരണപ്പെടുന്ന സമയത്ത് 22 വയസ് മാത്രമായിരുന്നു തോമസ് ചെറിയാന്റെ പ്രായം.
1968-ൽ വിമാന അപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്ത് ദിവസം കൂടി തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. തോമസ് ചെറിയാനെ കൂടാതെ നാരായൺ സിങ്, മൽഖാൻ സിങ് എന്നിവരുടെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു മൃതദേഹം ഇതുവരെയും തിരിച്ചറിയാൻ സാധിച്ചില്ല. തിരച്ചിൽ നടത്തുന്നുണ്ടെന്ന് അഞ്ച് വർഷം മുമ്പ് സൈന്യം അറിയിച്ചിരുന്നു.
AN-12 എന്ന വിമാനമാണ് 1968-ൽ അപകടത്തിൽപ്പെട്ടത്. 2003-ലാണ് മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല