
സ്വന്തം ലേഖകൻ: രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ചാവുകടൽ ചുരുളുകൾ പുതുതായി കണ്ടെത്തിയെന്ന് ഇസ്രായേൽ പുരാവസ്തു അതോറിറ്റി. കഴിഞ്ഞ ദിവസമാണ് യൂദയൻ മരുഭൂമിയിലെ ഗുഹയിൽ നിന്ന് ഇവ വീണ്ടെടുത്തതെന്ന് ഗവേഷകർ പറയുന്നു. ഏറ്റവും പഴക്കമുള്ള ഹീബ്രു ലിഖിത രേഖകളായാണ് ചാവുകടൽ ചുരുളുകൾ. 2000 വർഷം ഇവക്ക് പഴക്കമുണ്ടെന്നാണ് കരുതുന്നത്. നീണ്ട ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഇവ വീണ്ടും കണ്ടെത്തുന്നത്.
12ഓളം രേഖകൾ പുതുതായി വീണ്ടെടുത്തതായി ഇസ്രായേൽ പുരാവസ്തു അതോറിറ്റി പറഞ്ഞു. ഹീബ്രു ബൈബിളിന് നഹൂം, സക്കറിയ എന്നിവരുടെ ഗ്രീക്ക് വിവർത്തനങ്ങളാണ് ഇവ. ദൈവനാമം മാത്രം ഹീബ്രുവിലും അവശേഷിച്ചവ ഗ്രീക്കിലുമാണുള്ളത്. യൂദയൻ മരുഭൂമി കേന്ദ്രീകരിച്ച് 2017 മുതൽ ഉത്ഖനനം നടക്കുന്നുണ്ട്. 70 വർഷം മുമ്പ് ഇവിടെനിന്ന് ചുരുളുകൾ ലഭിച്ചിരുന്നു. അവശേഷിച്ചവ കൂടി തേടിയാണ് അന്വേഷണം.
നാഹൽ ഹെവറിലെ കേവ് ഓഫ് ഹൊററിലാണ് ഇവയുണ്ടായിരുന്നതെന്ന് ഗവേഷകർ പറയുന്നു. വലിയ മലയിടുക്കുകളുള്ള പ്രദേശമായതിനാൽ അതിസാഹസികമായാണ് ഗവേഷകർ അകത്തെത്തിയിരുന്നത്. ഇവിടങ്ങളിൽ 2,000 വർഷം മുമ്പ് മനുഷ്യർ വസിച്ചിരുന്നതായാണ് കണക്കുകൂട്ടൽ. ഒരു പഴയ കുട്ടയും മമ്മിയാക്കിയ ഒരു കുഞ്ഞും അധികമായി കണ്ടെത്തിയിട്ടുണ്ട്.
1960കളിൽ നടത്തിയ ഗവേഷണങ്ങളിൽ സ്ത്രീകൾ, പുരുഷൻമാർ, കുട്ടികൾ എന്നിവരുടെതായി 40 അസ്തികൂടങ്ങളും ലഭിച്ചിരുന്നു. റോമൻ കടന്നുകയറ്റ കാലത്ത് ജറൂസലമിന് തെക്കുഭാഗത്തുള്ള ഇവിടെ ജൂത റിബലുകൾ ഒളിവിൽ കഴിഞ്ഞതായാണ് കണക്കുകൂട്ടൽ.
കേവ് ഓഫ് ഹൊറർ എന്ന ഗുഹയിൽനിന്നാണ് ഡസൻകണക്കിനു തുകൽ ചുരുൾശകലങ്ങൾ ലഭിച്ചത്. ബൈബിളിലെ സഖറിയാ, നാഹും പ്രവാചകന്മാരുടെ പുസ്തകത്തിലെ വാക്യങ്ങളാണ് ഇവയിലുള്ളത്. ഗ്രീക്കിലാണ് എഴുത്ത്. എന്നാൽ, ദൈവത്തിന്റെ നാമം മാത്രം ഹീബ്രുവിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല