
സ്വന്തം ലേഖകൻ: ദേശീയ മേൽവിലാസ റജിസ്‌ട്രേഷൻ സമയപരിധി അവസാനിക്കാൻ ഇനി ഒരു ദിനം മാത്രം. 18 വയസിന് മുകളിലുള്ള ഖത്തർ ഐഡിയുള്ള രാജ്യത്തെ സ്വദേശികൾ, പ്രവാസികൾ എന്നിവർ വ്യക്തിഗതമായും തൊഴിലുടമകൾ കമ്പനികളുടെ വിലാസങ്ങളും ആഭ്യന്തര മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യേണ്ട അവസാന ദിനം ജൂലൈ 26 ആണ്.
റജിസ്‌ട്രേഷനായി നൽകിയ 6 മാസത്തെ സമയപരിധിയാണ് നാളെ അവസാനിക്കുന്നത്. നൽകിയ സമയപരിധിക്കുള്ളിൽ റജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയാലും 10,000 റിയാൽ പിഴ നൽകേണ്ടി വരും. ലംഘനം കോടതിയിൽ എത്തുന്നതിന് മുമ്പാണെങ്കിൽ 5,000 റിയാൽ പിഴതുക അടച്ച് ഒത്തുതീർപ്പാക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, മെട്രാഷ് 2 മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ മേൽവിലാസം റജിസ്റ്റർ ചെയ്യാം.
അല്ലെങ്കിൽ ഏകീകൃത സേവന കേന്ദ്രങ്ങളിലെത്തിയും റജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഇനിയും വിലാസം റജിസ്റ്റർ ചെയ്യാത്തവർക്കായി സമയപരിധിക്കുള്ളിൽ തന്നെ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ അവധി ദിനമായ ഇന്നലെയും ഇന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനം കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. മിസൈമിർ, അൽ വക്ര, അൽ റയ്യാൻ, ഇൻഡസ്ട്രിയൽ ഏരിയ, ഒനൈസ, അൽ ഷഹാനിയ, അൽ ദായീൻ, അൽഖോർ, ഷമാൽ, ഉം സലാൽ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 12 വരെ റജിസ്‌ട്രേഷൻ പൂർത്തിയാക്കാം.
പൗരന്മാരും താമസക്കാരുമെല്ലാം ദേശീയ മേൽവിലാസത്തിൽ റജിസ്റ്റർ ചെയ്യുന്നതോടെ സർക്കാരും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ എളുപ്പമാകും. നിയമപരമായ കാര്യങ്ങൾക്കും കൂടുതൽ സഹായമാകും. ഖത്തറിൽ താമസിക്കുന്ന വിലാസം, മൊബൈൽ, ലാൻഡ്‌ലൈൻ നമ്പറുകൾ, ഓഫിസ് വിലാസം, ഇ മെയിൽ എന്നിവക്കൊപ്പം സ്വദേശങ്ങളിലെ സ്ഥിരമേൽവിലാസവും നൽകുന്നതിലൂടെ വ്യക്തികൾക്ക് ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അധികൃതർക്ക് നാട്ടിലെ ബന്ധുക്കളെ അല്ലെങ്കിൽ ദോഹയിലെ സുഹൃത്തുക്കളെയും വേഗത്തിൽ ബന്ധപ്പെടാനും കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല