1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2024

സ്വന്തം ലേഖകൻ: ഗുജറാത്തിലെ രാജ്കോട്ടിൽ കുട്ടികളടക്കം 35 ഓളം പേരുടെ മരണത്തിനിടയാക്കിയതീപ്പിടിത്തത്തിൽ ടി.ആർ.പി. ഗെയിമിങ് കേന്ദ്രം പ്രവർത്തിച്ചത് മതിയായ ലൈസൻസ് ഇല്ലാതെയെന്ന് റിപ്പോർട്ട്. എൻ.ഒ.സിയോ, ഫയർ ക്ലിയറൻസോ സ്ഥാപനത്തിന് ഇല്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. നാനാ-മാവാ റോഡിലെ ഗെയിമിങ് സോണിൽ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

അവധിക്കാലം ആഘോഷിക്കാൻ വേണ്ടി ഗെയിമിങ് കേന്ദ്രത്തിലെത്തിയ കുട്ടികളാണ് അപകടത്തിൽപെട്ടവരിലേറെയും. വാരാന്ത്യമായതുകൊണ്ട് തന്നെ ഗെയിമിങ് കേന്ദ്രത്തിൽ ഓഫറും ഏർപ്പെടുത്തിയിരുന്നു. ടിക്കറ്റിന് 99 രൂപയായിരുന്നു നിരക്ക്. അതുകൊണ്ട് തന്നെ അവധിയാഘോഷിക്കാൻ ഒട്ടേറെപ്പേരാണ് കുട്ടികൾക്കൊപ്പം ഇവിടെയെത്തിയിരുന്നത്. ഗെയിമിങ്ങിനായി നിർമിച്ച ഫൈബർ കൂടാരം പൂർണമായി കത്തിയമർന്നു. ശക്തമായ കാറ്റുവീശിയതും കെട്ടിടം പൂർണമായി നിലംപൊത്തിയതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.

ഗെയിമിങ് കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഏഴ് അടി മാത്രം ഉയരത്തിലുള്ള ഒരു വാതിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജനറേറ്റർ പ്രവർത്തിക്കാൻ ആവശ്യമായ 1500-2000-ത്തോളം ലിറ്റർ ഡീസലും ഗോ – കാർട്ടിന് ആവശ്യമായ 1000-1500 ലിറ്ററോളം വരുന്ന പെട്രോളും കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇത് തീപിടിത്തത്തിന്റെ ആഘാതം വർധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മതിയായ ലൈസൻസ് ഇല്ലാതെ ഇത്രയും വലിയൊരു ഗെയിമിങ് കേന്ദ്രം എങ്ങനെ പ്രവർത്തിച്ചുവെന്നതിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചുവെന്ന് രാജ്കോട്ട് മേയർ നയ്ന പെധാതിയ പറഞ്ഞു.

തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അടിയന്തരസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡി.എൻ.എ. പരിശോധന വേണ്ടിവന്നേക്കുമെന്ന് രാജ്കോട്ട് പോലീസ് കമ്മിഷണർ രാജു ഭാർഗവ പറഞ്ഞു. യുവരാജ് സിങ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിമിങ് സെന്റർ. ഇയാളുടെ പേരിൽ പോലീസ് കേസെടുത്തു. നഗരത്തിലെ എല്ലാ ഗെയിമിങ് സോണുകളും അടച്ചിടാൻ ഉത്തരവിട്ടു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവർ അനുശോചിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.