സ്വന്തം ലേഖകൻ: കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മുംബൈയില്‍ 14 പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പരസ്യ ഏജന്‍സി നടത്തിയത് വലിയ നിയമലംഘനമെന്ന് അധികൃതര്‍. ഈഗോ മീഡിയയുടെ ഉടമസ്ഥതയിലുള്ളതാണ് പരസ്യബോര്‍ഡ്. പൊളിഞ്ഞുവീണടതടക്കം ഇവരുടെ മറ്റ് നാല് ബോര്‍ഡുകളും സമീപത്തുണ്ട്.
എന്നാല്‍ നിയമലംഘനം ചൂണ്ടിക്കാട്ടി ഇവ നിരീക്ഷണത്തിലായിരുന്നുവെന്നും പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതായും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. അപകടമുണ്ടായ സാഹചര്യത്തില്‍ എല്ലാ ബോര്‍ഡുകളും അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ട് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
പരമാവധി 40 അടി വലുപ്പത്തിലുള്ള ബോര്‍ഡ് സ്ഥാപിക്കാനാണ് ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ അനുവാദം നല്‍കുന്നത്. എന്നാല്‍ തിങ്കളാഴ്ച തകര്‍ന്ന ബോര്‍ഡിന് 120 അടി വലുപ്പമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരസ്യഏജന്‍സിക്ക് നോട്ടീസയച്ചിരിക്കുന്നത്.
മഹാരാഷ്ട്ര പോലീസ് ഹൗസിങ് കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമിയിലായിരുന്നു ഹോർഡിംഗ്. ഇതിന്റെ ഉടമസ്ഥാവാകാശം മുംബൈ ജില്ലാ കളക്ടര്‍ക്കാണ്. 2020 ല്‍ റെയില്‍വ പോലീസാണ് ഭൂമിയില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ തന്നെ 2021-ല്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ റെയില്‍വ പോലീസ് അധികൃതര്‍ ഈഗോമീഡിയക്ക് അനുവാദവും നല്‍കി.
ബോര്‍ഡ് സ്ഥാപിക്കാനുള്ള എല്ലാ അനുവാദവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ റെയില്‍വേ പോലീസ് കമ്മിഷണര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബോര്‍ഡ് സ്ഥാപിച്ച ഈഗോ മീഡിയ ഉടമയ്‌ക്കെതിരേ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് പന്ത്‌നഗറിലെ ബി.പി.സി.എല്‍. പെട്രോള്‍പമ്പിനുസമീപം കനത്തമഴയിലും കാറ്റിലും പെട്ട് കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണത്. സംഭവത്തില്‍ 14 പേര്‍ മരിക്കുകയും 70 ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പെട്രോള്‍പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനങ്ങളിലുള്ളവരും വഴിയാത്രക്കാരുമാണ് മരിച്ചത്. പരമാവധി 40 അടി ഉയരത്തില്‍മാത്രമേ ബോര്‍ഡ് സ്ഥാപിക്കാവൂ എന്ന നിയമം ലംഘിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മുംബൈ നഗരസഭാ അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹരം നല്‍കുമെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാഫിസ് എക്സില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല