സ്വന്തം ലേഖകൻ: യുഎസിൽ നാശംവിതച്ച ഹെലൻ ചുഴലിക്കാറ്റിന്റെ കെടുതികൾ അനുഭവിക്കുന്നവർക്ക് അതിവേഗം സഹായം എത്തിക്കാൻ ശ്രമിച്ചുവരികയാണെന്ന് അധികൃതർ. അതേസമയം, മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നിട്ടുണ്ട്. പർവതനഗരമായ ആഷ് വില്ലെയിൽ 30 പേർക്ക് ജീവൻ നഷ്ടമായി. അവശ്യവസ്തുക്കൾ ഹെലികോപ്ടർ മാർഗം മേഖലയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്.
ഫ്ളോറിഡ, ജോർജിയ, സൗത്ത് കരോളിന, വിർജീനിയ എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നോർത്ത് കരോളിനയുടെ വിവിധ മേഖലകളിലായി കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ 50 തെരച്ചിൽസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലൻ കരതൊട്ടത്. ഇതിന്റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്.
ടെന്നസിയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള നോലിചുക്കി നദി ഇപ്പോൾ കടൽപോലെ ഒഴുകുകയാണ്. തീരത്തുണ്ടായിരുന്ന യൂണികോയ് കൗണ്ടി ആശുപത്രി വെള്ളംകയറിയ നിലയിലാണ്. രോഗികളും ജീവനക്കാരും ഉൾപ്പെടെ 50ലധികം കെട്ടിടത്തിന്റെ മേൽക്കൂരയിൽ അഭയം പ്രാപിച്ചു. ഇവരെ രക്ഷിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല