1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2024

സ്വന്തം ലേഖകൻ: ഒമാനില്‍ ദുരിതം വിതച്ച് മഴ തുടരുന്നു. ഒമ്പത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. മഴയെ തുടര്‍ന്ന് മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി സുനില്‍ കുമാര്‍ സദാനന്ദന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

സമദ് അല്‍ ശാനില്‍ സ്‌കൂള്‍ ബസ് വാദിയില്‍ പെട്ടാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. മറ്റു ചില വാഹനങ്ങളും വിവിധ ഭാഗങ്ങളിലായി ഒഴുക്കില്‍ പെടുകയും നിരവധി പേര്‍ ഒലിച്ചുപോവുകയും ചെയ്തിരുന്നു. ഇവരില്‍ മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സ്വദേശികളും വിവിധ സുരക്ഷാ വിഭാഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയുമായിട്ടാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സമദ് ശാനിൽ കാണാതായ കുട്ടിയുടെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്.

ഇസ്‌കിയില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന കുടുംബത്തിലെ ഏഴ് പേരെയും രക്ഷപ്പെടുത്തി. സമദ് അല്‍ ഷാനില്‍ സ്‌കൂളില്‍ വെള്ളം കയറി. എന്നാല്‍, വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരും സുരക്ഷിതരാണ്. സ്‌കൂളിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോയി.

ഇബ്രിയില്‍ യാത്രക്കാരുമായി വാഹനം വെള്ളത്തില്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു. അല്‍ ഹംറ വിലായത്തിലെ വാദി അല്‍ താവിലയില്‍ ബസ് ബ്രേക്ക്ഡൗണായി. യാത്രക്കാരെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം എത്തി രക്ഷപ്പെടുത്തി. ബഹ്‌ലയില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസ് വാദിയില്‍ കുടുങ്ങി. തുടര്‍ന്ന്, അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.