1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2018

സ്വന്തം ലേഖകന്‍: ഡല്‍ഹിയെ ഞെട്ടിച്ച ഒരു കുടുംബത്തിലെ 11 പേരുടെ ദുരൂഹമരണം; നടന്നത് ദുര്‍മന്ത്രവാദമെന്ന നിഗമനത്തില്‍ പോലീസ്. ഡല്‍ഹിയിലെ ബുരാരിയില്‍ നടന്നത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയം ബാക്കിയാകുമ്പോഴും സംഭവത്തിലെ ദുരൂഹത നീക്കാനാകാതെ കുഴുങ്ങുകയാണ് അന്വേഷണ സംഘം. കുടുംബത്തിലെ എല്ലാം അംഗങ്ങളും ഒരുമിച്ച് ജീവനൊടുക്കാന്‍ തക്കവണ്ണം എന്തായിരുന്നു ഈ കുടുംബത്തില്‍ സംഭവിച്ചതെന്ന് അറിയാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബന്ധുക്കളും അയല്‍വാസികളുമെല്ലാം.

കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുരാരി മേഖലയില്‍ താമസിക്കുന്ന ഭാട്ടിയ കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.

പത്തു പേരെ കൊലപ്പെടുത്തിയ ശേഷം പതിനൊന്നാമത്തെയാള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണു കരുതുന്നത്. ആരുടെയും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലെ പണവും സുരക്ഷിതമാണ്. അപരിചിതരെ കണ്ടാല്‍ വീട്ടിലെ കാവല്‍ നായ കുരയ്ക്കുന്നതു പതിവാണ്. എന്നാല്‍ സംഭവം നടന്ന ശനിയാഴ്ച രാത്രി നായയുടെ കുര ആരും കേട്ടിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഇതും വീട്ടിനകത്തു തന്നെയുള്ളയാളാണു കൊലപാതകത്തിനു പിന്നിലെന്ന സംശയം ശക്തമാകാന്‍ കാരണമായി.

അയല്‍വാസികളുമായി നല്ല അടുപ്പമായിരുന്നു ഭാട്ടിയ കുടുംബത്തിന്. തലേന്ന് രാത്രി 11 വരെ കുട്ടികള്‍ മുറ്റത്ത് ക്രിക്കറ്റ് കളിക്കുന്നത് കണ്ടവരുണ്ട്. ഇതിന് ശേഷം എന്താണ് കുടുംബത്തില്‍ നടന്നതെന്നാണ് ആര്‍ക്കും മനസിലാകാത്തത്. കുടുംബത്തിലെ യുവതിയുടെ വിവാഹം അടുത്തുതന്നെ നടക്കാനിരിക്കെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. ദുര്‍മന്ത്രവാദമാണ് ഈ മരണങ്ങള്‍ക്ക് വഴിയായതെന്നും പൊലീസ് സംശയിക്കുന്നു. പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയില്‍ ഇരുമ്പുഗ്രില്ലില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു.

ഇവയ്ക്കു സമീപത്തു നിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എഴുതിയിരിക്കുന്നതു പ്രകാരണമാണു മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. ചില പ്രത്യേകതരം എഴുത്തും മറ്റും ഇതില്‍ കണ്ടതോടെയാണു സംശയം ദുര്‍മന്ത്രവാദത്തിലേക്കു മാറിയതെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തു നിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. മരിച്ചവരുടെ കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങള്‍ കണ്ട സാഹചര്യത്തിലാണു കൊലപാതകത്തിനു പൊലീസ് കേസെടുത്തത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.