1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2020

സ്വന്തം ലേഖകൻ: ഡൽഹിയിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമാണെന്നും ‘മൂന്നാം വരവിന്റെ’ പാരമ്യത്തിലാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിൻ. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ദിനംപ്രതി നാലായിരത്തിലധികം കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പലരുടെയും അലംഭാവവും കൊവിഡ് രോഗികളുടെ എണ്ണം കൂടാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ടെസ്റ്റുകൾ വൻതോതിൽ വർധിപ്പിച്ചതും കൃത്യമായ കോണ്ടാക്ട് ട്രേസിങ്ങും കൊവിഡ് കേസുകൾ കുത്തനെ കൂടാൻ കാരണമായി. ഡൽഹിയിൽ വൈകാതെ തന്നെ കൊവി‍ഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഡൽഹിയിലെ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി കൂടുതൽ കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ഹോട്ടലുകളും ഹാളുകളും ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാൻ നിലവിൽ പദ്ധതിയില്ല. മാസ്ക് ധരിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാൽ തെറ്റായ ചിന്താഗതിയാണ് ഇത്. വാക്സീൻ കണ്ടുപിടിക്കുന്നവരെ മാസ്ക് മാത്രമാണ് മരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച കൊവിഡ് പ്രതിദിനക്കണക്കിൽ ഡൽഹി കേരളത്തെ മറികടന്നിരുന്നു.

ഡല്‍ഹിയില്‍ ഇന്നലെ 6,953 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 4.3 ലക്ഷത്തിലധികമായി. 85 ലക്ഷമാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം. 24 മണിക്കൂറിനിടെ 45,674 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 85,07,754 ആയി. ഒറ്റ ദിവസത്തിനിടെ 559 പേർ കൂടി രോഗം ബാധിച്ചു മരിച്ചു. ആകെ മരണം 1,26,121.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.