1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2020

സ്വന്തം ലേഖകൻ: ഡൽഹിയിലെ കർഷകസമരത്തിനു ബ്രിട്ടനിൽ നിന്ന് പിന്തുണ. വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് കാണിച്ച് ബ്രിട്ടനിലെ 36 എംപിമാർ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാപിന് കത്തെഴുതി. ലേബർ പാർട്ടിയുടെ ഇന്ത്യൻ വംശജനായ പ്രതിനിധി തൻമൻജിത് സിങ്ങിന്റെ നേതൃത്വത്തിലാണ് എംപിമാർ വിദേശകാര്യ സെക്രട്ടറിക്ക് കത്തെഴുതിയത്. ‘കർഷകർക്കുള്ള മരണ വാറന്റ്’ എന്നാണ് കത്തിൽ വിവാദ കാർഷിക നിയമത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കർഷകരെ ചൂഷണം ചെയ്യാൻ സഹായിക്കുന്നതാണ് ഇന്ത്യൻ സർക്കാർ അവതരിപ്പിച്ച കാർഷിക നിയമങ്ങളെന്നും നിയമം പിൻവലിക്കാൻ സർക്കാരിനുമേൽ ബ്രിട്ടൻ സമ്മർദം ചെലുത്തണമെന്നും കത്തിൽ എംപിമാർ ആവശ്യപ്പെടുന്നു.

പഞ്ചാബിൽ വേരുകൾ ഉള്ളവരെയും ബ്രിട്ടനിൽ അധിവസിക്കുന്ന ഇന്ത്യക്കാരെയും നിലവിലെ സാഹചര്യം വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. വിഷയത്തിൽ സാധ്യമായ ഇടപെടൽ നടത്തണമെന്നും തൻമൻജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള എംപിമാർ ആവശ്യപ്പെടുന്നു. നിയമം എങ്ങനെയാണ് സാധാരണക്കാരായ കർഷകരെ ബാധിക്കുന്നതെന്നു ചൂണ്ടിക്കാട്ടി എംപിമാർ ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മിഷണർക്കു നേരത്തെ കത്തെഴുതിയിരുന്നു.

കർഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ ഇടപെടലുകൾക്കു സമാനമായ ഇടപെടലാണ് ബ്രിട്ടിഷ് എംപിമാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സമാധാനപരമായി സമരം ചെയ്യാനുള്ള കർഷകരുടെ അവകാശത്തെ കാനഡ പിന്തുണയ്ക്കുന്നെന്നും സമരത്തെ സംബന്ധിച്ചുള്ള ആശങ്ക ഇന്ത്യൻ അധികൃതരെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഗുരു നാനാക് ജയന്തിയോടനുബന്ധിച്ചു കാനഡയിലെ ഇന്ത്യൻ സമൂഹത്തിനു നൽകിയ വിഡിയോ സന്ദേശത്തിലാണു പരാമർശം.

അതേസമയം, ട്രൂഡോയുടെ പ്രതികരണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കർഷകസമരം ഇന്ത്യയു‍ടെ ആഭ്യന്തരവിഷയമായതിനാൽ കാനഡയുടെ പ്രതികരണം അനുചിതമാണെന്നും വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചിരുന്നു. ട്രൂഡോ മന്ത്രിസഭയിലെ ഹർജിത് സജ്ജൻ, നവ്ദീപ് ബെയ്ൻസ്, ഹാദിഷ് ചേഗർ എന്നിവർ സിഖുകാരാണ്. കാനഡയിലെ ജനസംഖ്യയിൽ 2% പഞ്ചാബികളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.