1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2020

സ്വന്തം ലേഖകൻ: ദല്‍ഹി കലാപത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണില്‍ ലേബര്‍ പാര്‍ട്ടി, എസ്.എന്‍.പി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാരാണ് ഇന്ത്യയിലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതിയെയും ബ്രിട്ടീഷ് എംപിമാര്‍ കുറ്റപ്പെടുത്തി.

ഇന്ത്യന്‍ വംശജനായ കണ്‍സര്‍വേറ്റീവ് എംപിയടക്കം ഇന്ത്യന്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രംഗത്തെത്തി. വ്യാപാര കരാറുകള്‍ക്ക് വേണ്ടി മാത്രമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും കെട്ടിപ്പിടിച്ചതെന്ന് എസ്.എന്‍.പി എം.പി ഡേവിഡ് ലിന്‍ഡന്‍ പറഞ്ഞു.

വ്യാപാര കരാറുകള്‍ക്കു വേണ്ടി ലോക രാജ്യത്തലവന്മാര്‍ എത്തുമ്പോള്‍ മനുഷ്യാവകാശത്തെ അവഗണിക്കരുതെന്ന് ജൂനിയര്‍ മന്ത്രി നിഗെല്‍ ആഡംസ് പറഞ്ഞു. മനുഷ്യാവകാശമാണ് ബ്രിട്ടന്റെ വിദേശ നയത്തിന്റെയും കാതലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. മനുഷ്യാവകാശമില്ലാത്ത വ്യാപാര ബന്ധങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.എ.എയും തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപവും ബ്രിട്ടന്‍ സൂക്ഷമം നിരീക്ഷിച്ച് വരികയാണെന്ന് ദല്‍ഹിയിലെ ചടങ്ങില്‍ ബ്രിട്ടീഷ് ജൂനിയര്‍ മന്ത്രി നിഗെല്‍ ആഡംസ് വ്യക്തമാക്കിയിരുന്നു. മതാടിസ്ഥാനത്തില്‍ ജനങ്ങളെ ലക്ഷ്യം വെയ്ക്കുന്നതിനെ അദ്ദേഹം അപലപിച്ചു. സി.എ.എ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്ന് ലേബര്‍ പാര്‍ട്ടി എം.പിമാര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

ദല്‍ഹി കലാപത്തിന് പൊലിസ് സഹായിച്ചെന്ന ബി.ബി.സി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് എം.പിമാര്‍ വിമര്‍ശനമുന്നയിച്ചത്. ദല്‍ഹി കലാപത്തില്‍ പൊലിസിന്റെ പങ്ക് വ്യക്തമാണെന്ന് മിര്‍പുരില്‍ ജനിച്ച ബ്രിട്ടീഷ് എം.പി മുഹമ്മദ് യാസീന്‍ ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രിം കോടതിയില്‍ കക്ഷി ചേരാനുള്ള യുഎന്‍ മനുഷ്യാവകാശ സമിതിയുടെ തീരുമാനത്തിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയ്ക്ക് തലവേദനയായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാര്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. ദല്‍ഹി കലാപത്തില്‍ ആദ്യമായാണ് ഒരു വിദേശ രാജ്യം നിലപാട് വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.