1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2020

സ്വന്തം ലേഖകൻ: പെൺകൂട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയ ബോയ്സ് ലോക്കർ ഗ്രൂപ്പിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഗുരുഗ്രാമിലെ ഡിഎൽ ഫേസ് 5ലെ ഡിഎൽഎഫ് കാൾട്ടൺ എസ്റ്റേറ്റ് നിവാസിയാണ് ഫ്ലാറ്റിന്റെ 11ാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവമെന്നാണ് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്.

വിദ്യാർത്ഥിയുടെ ആത്മഹത്യയോടെ ബോയ്സ് ലോക്കർ റൂം ഇൻസ്റ്റഗ്രാം അക്കൌണ്ടുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിച്ചുവരുന്നത്. മരിച്ച വിദ്യാർത്ഥിയുടെ ഫോൺ ശേഖരിച്ച പോലീസ് ഫോറൻസികിന് കൈമാറിയിട്ടുണ്ട്. അതിന് പുറമേ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളും ചാറ്റിന്റെ സ്വഭാവവും പരിശോധിക്കാൻ സൈബർ ക്രൈം സെല്ലിന് നിർദേശം നൽകിയതായും പോലീസ് വ്യക്തമാക്കി.

വ്യക്തിയുടെ സ്വഭാവവും ആത്മഹത്യ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നയിച്ച സാഹചര്യവും വിലയിരുത്തുന്നതിന് വേണ്ടിയാണിതെന്നും സെക്ടർ 53 എസ്എച്ച്ഒ ദീപക് കുമാർ വ്യക്തമാക്കി. ആത്മഹത്യ ചെയ്ത പ്ലസ്ടു വിദ്യാർത്ഥിയുടേതായി ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 174 ാം വകുപ്പ് പ്രകാരമുള്ള നടപടി ക്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. വിദ്യാർത്ഥി ഉപയോഗിച്ചിരുന്ന മൊബൈൽ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് പുറത്തുവന്ന ശേഷമായിരിക്കും പോലീസ് കൂടുതൽ നടപടികളുമായി മുന്നോട്ടുപോകുക. സംഭവത്തിൽ കള്ളക്കളി നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സൌത്ത് ദില്ലിയിലെ നിവാസിയായ ഒരു പെൺകുട്ടി സ്ക്രീൻഷോട്ട് പങ്കുവെച്ചതോടെയാ് ഇൻസ്റ്റഗ്രാമിലെ ബോയ്സ് ലോക്കർ റൂം എന്ന ഗ്രൂപ്പിനെക്കുറിച്ച് പുറത്തറിയുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ ഫോട്ടോ ഗ്രൂപ്പിനുള്ളിൽ ഷെയർ ചെയ്തതിന്റെ സ്ക്രീൻഷോട്ടുകളും ഇതിനൊപ്പം പുറത്തുവന്നിരുന്നു. ഇവരെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഈ രഹസ്യഗ്രൂപ്പിൽ നടന്നിരുന്നത്. ഈ സംഭവത്തോടെ സമാന രീതിയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളെക്കുറിച്ച് പോലീസ് അന്വേഷണ ആരംഭിച്ചിരുന്നു.

ബോയ്സ് ലോക്കർ റൂമിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ ഇതിന് 21 സമാന സ്വഭാവമുള്ള ഗ്രൂപ്പുകളാണ് പോലീസ് കണ്ടെത്തിയത്. സ്ക്രീൻ ഷോട്ട് പുറത്തുവന്നതിന് പിന്നാലെ ദില്ലി സൈബർ സെൽ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുറ്റക്കാരെ എത്രയും പെട്ടെന്ന് പിടികൂടി കർശന നടപടി സ്വീകരിക്കണമെന്ന് വിഷയത്തിൽ ഇടപെട്ട ദില്ലി വനിതാ കമ്മീഷണ ചെയർപേഴ്സൺ സ്വാതി മാലിവാളും ആവശ്യപ്പെട്ടിരുന്നു.

ഇതിന് പുറമേ പേജിന്റെ വിശദാംശങ്ങൾ ആരാഞ്ഞുകൊണ്ട് വനിതാ കമ്മീഷും ദില്ലി പോലീസും ഇൻസ്റ്റഗ്രാമിന് കത്തയച്ചിരുന്നു. അന്വേഷണത്തിൽ സഹകരിക്കുമെന്ന നിലപാടാണ് ഫേസ്ബുക്ക് അറിയിച്ചിട്ടുള്ളത്.

സൌത്ത് ദില്ലി, നോയിഡ എന്നിവിടങ്ങളിലെ അഞ്ച് പ്രമുഖ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഗ്രൂപ്പിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവർക്ക് പുറമേ ചില കോളേജ് വിദ്യാർത്ഥികളും ഗ്രൂപ്പിലുണ്ടായിരുന്നു. എന്നാൽ പോലീസ് അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ഇവർ ഗ്രൂപ്പുകളിൽ നിന്ന് പിൻവലിഞ്ഞിരുന്നു. ബോയ്സ് ലോക്കർ ഗ്രൂപ്പുമായി 15കാരനായ ഒരു വിദ്യാർത്ഥി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

സൈബർ സെൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് 15 കാരൻ വലയിലാവുന്നത്. ഈ വിദ്യാർത്ഥിയും ഗ്രൂപ്പിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ ഷെയർ ചെയ്തതായി കണ്ടെത്തിയിരുന്നു. ഗ്രൂപ്പിന്റെ ഭാഗമായ 22 പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെയും വിളിപ്പിക്കും. സ്ക്രീൻഷോട്ടുകൾ പുറത്തുവന്നതോടെ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ ഒരു പ്രമുഖ സ്കൂളിന്റെ മേധാവിയും പോലീസിൽ പരാതി നൽകിയിരുന്നു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ ഷെയർ ചെയ്യുക, ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ, ശരീര ഭാഗങ്ങളെക്കുറിച്ചുള്ള അശ്ലീകമന്റുകൾ എന്നിങ്ങനെയുള്ള ചർച്ചകളാണ് ഇൻസ്റ്റഗ്രാമിലെ ബോയ്സ് ലോക്കർ റൂമിൽ സാധാരണയായി നടന്നിരുന്നത്. ബലാത്സംഗങ്ങളെ മഹത്വവൽക്കരിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സഹപാഠികളുടെ അറിവോ സമ്മതമോ ഇല്ലാതെയെടുക്കുന്ന ഫോട്ടോകളായിരുന്നു ഗ്രൂപ്പിലെ അംഗങ്ങൾ ഷെയർ ചെയ്തിരുന്നത്. സഹപാഠികളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഗ്രൂപ്പിൽ സജീവമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.