1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2019

സ്വന്തം ലേഖകൻ: ദല്‍ഹിയിലെ വായുമലിനീകരണത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ദല്‍ഹി പഞ്ചാബ് സംസ്ഥാന സര്‍ക്കാരുകളെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വായു മലിനീകരണത്തിലും ജലമലിനീകരണവും തടയുന്നതിലോ നിയന്ത്രിക്കുന്നതിലോ സര്‍ക്കാരുകള്‍ ഇടപെടാത്തത് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശം. ദല്‍ഹിയിലെ ജീവിതാവസ്ഥ നരകത്തേക്കാള്‍ ദുരിതമായിരിക്കുന്ന അവസ്ഥയിലും സര്‍ക്കാര്‍ പരസ്പരം പഴിചാരുക മാത്രമാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി.

‘ദല്‍ഹിയുടെ അവസ്ഥ നരകത്തേക്കാള്‍ കഷ്ടമായിരിക്കുകയാണ്. ഇന്ത്യയിലെ ജീവിതങ്ങള്‍ അത്രത്തോളം വിലകുറഞ്ഞതല്ല. നിങ്ങളിതിന് വലിയ വില നല്‍കേണ്ടിവരും. വ്യക്തികളുടെ ജീവന് നിങ്ങളെത്ര വിലയാണിടുന്നത്?, സുപ്രീംകോടതി ചോദിച്ചു. ദല്‍ഹി സര്‍ക്കാരിന് അധികാരക്കസേരയിലിരിക്കാന്‍ അര്‍ഹതയില്ലെന്നും കോടതി വിമര്‍ശിച്ചു.

ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് ദീപക് ഗുപ്തയുമടങ്ങുന്ന ബെഞ്ചാണ് വിഷയം പരിഗണിച്ചത്. അയല്‍ സംസ്ഥാനങ്ങളില്‍ വിള കത്തിക്കുന്നാണ് ദല്‍ഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാനകാരണമെന്ന് ബെഞ്ച് വിലയിരുത്തി. ദല്‍ഹിയിലെ വെള്ളം അതി മലിനമാണെന്നാണ് ബ്യൂറോ ഓഫ് സ്റ്റാന്റേഡ്‌സ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടില്‍ വിശദീകരണം നല്‍കാനും സുപ്രീംകോടതി ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യതലസ്ഥാനത്തെ വായു മലിനീകരണം അത്യധികം രൂക്ഷമാണെന്നും ബെഞ്ച് വിലയിരുത്തി. ‘എന്തിനാണ് ജനങ്ങളെ ഈ ഗ്യാസ് ചേമ്പറിലേക്ക് തള്ളിവിടുന്നത്?. ഇതിനേക്കാള്‍ നല്ലത് അവരെ ഒറ്റയടിക്ക് കൊല്ലുന്നതാണ്. 15 ബാഗുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് ഒറ്റടിക്ക് അവരെ കൊല്ലൂ. ജനങ്ങള്‍ എന്തിനിത് സഹിക്കണം? ദല്‍ഹിയില്‍ നടക്കുന്നത് ഒരു പഴിചാരലിന്റെ കളിയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി’, ജസ്റ്റിസ് അരുണ്‍ മിശ്ര, കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്രയോട് പറഞ്ഞു.

എന്‍.സി.ആര്‍. മേഖലയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞെന്നും ദല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും ആളുകള്‍ മലിനീകരണം മൂലം ശ്വാസംമുട്ടുകയാണെന്നും കോടതി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.