1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2021

സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങള്‍ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പഠനം. ആദ്യകാല കോവിഡ് കേസുകളില്‍ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം അല്ലായിരുന്നുവെന്നും എന്നാല്‍ ഡെല്‍റ്റ വകഭേദം ബാധിച്ച കോവിഡ് രോഗികളില്‍ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നും പഠനം പറയുന്നു. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാല ബ്രിട്ടനിലെ രോഗികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ഡെല്‍റ്റ വകഭേദം മൂലമുണ്ടാകുന്ന പുതിയ ലക്ഷണമാണ് മൂക്കൊലിപ്പെന്നും എന്നാല്‍ മുന്‍ കേസുകളില്‍ ഇത് ഒരു പ്രധാന ലക്ഷണമായി അപൂര്‍വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളുയെന്നും പഠനത്തിന് നേതൃത്വം കൊടുത്ത ലാറ ഹെരേറോ പറഞ്ഞു. മുമ്പത്തെ കേസുകള്‍ സാധാരണമായിരുന്ന മണം നഷ്ടമാകല്‍ ഡെല്‍റ്റ വകഭേദത്തിന്റെ കാര്യത്തില്‍ പ്രകടമല്ലാത്ത ലക്ഷണമായെന്നും അവര്‍ പറഞ്ഞു. തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, സ്ഥിരമായ ചുമ എന്നിവയാണ് ഡെല്‍റ്റ വകഭേദം മൂലമുണ്ടാകുന്ന പ്രധാന ലക്ഷണങ്ങളായി അവര്‍ പറയുന്നത്.

വൈറസിന്റെ പരിണാമം ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് രോഗലക്ഷണങ്ങളിലെ ഈ മാറ്റത്തിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗപ്രതിരോധ സംവിധാനത്തിന്റെ കാര്യത്തില്‍ ഓരോ മനുഷ്യനും വ്യത്യസ്തനായതിനാല്‍ ഒരേ വൈറസിന് വ്യത്യസ്ത രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറഞ്ഞു.

തീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ആല്‍ഫാ വകഭേദം 170 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ആല്‍ഫയേക്കാള്‍ വ്യാപനശേഷി വര്‍ധിച്ച വൈറസ് വകഭേദമാണ് ഡെല്‍റ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെല്‍റ്റ മാറാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡെല്‍റ്റ വകഭേദം ബാധിക്കുന്നവര്‍ക്ക് മറ്റു കോവിഡ് രോഗികളെ അപേക്ഷിച്ച് ഓക്‌സിജന്‍ ആവശ്യം വരുന്നുണ്ടെന്നും, ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നതായും മരണം കൂടുതലാണെന്നും സിങ്കപ്പൂരില്‍ നടത്തിയ ഒരു പഠനത്തില്‍ പറഞ്ഞിരുന്നു. ജപ്പാനില്‍ നടത്തിയ പഠനത്തിലും ആല്‍ഫാ വകഭേദത്തേക്കാള്‍ ഡെല്‍റ്റാവകഭേദം വേഗത്തില്‍ വ്യാപിക്കുന്നതായി പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.