സ്വന്തം ലേഖകന്‍: നോട്ട് നിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യും, ലോക ബാങ്ക് സി.ഇ.ഒ. ശുദ്ധമായ സമ്പദ്ഘടനയുടെ സൃഷ്ടിക്ക് ഇത് കാരണമാകും എന്നതിനാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോട്ട് നിരോധനം സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് ലോക ബാങ്ക് സി.ഇ.ഒ ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കി. നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ നോട്ട് നിരോധിച്ച നടപടി മറ്റ് രാജ്യങ്ങള്‍ പഠിക്കേണ്ടതാണ്. ഇന്ത്യയെപ്പോലെ വലിയ മറ്റൊരു രാജ്യത്തും നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ടില്ല. പണത്തെ ആശ്രയിച്ച് നിലനില്‍ക്കുന്ന സമ്പദ്ഘടനയില്‍ നോട്ട് നിരോധനം വ്യവസായങ്ങള്‍ക്കടക്കം പ്രതിസന്ധി സൃഷ്ടിക്കും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഗുണം ചെയ്യുന്ന നടപടിയാണെന്നും ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ക്രിസ്റ്റലീന പറഞ്ഞു.
ഡിജിറ്റല്‍ പേയ്മെന്റും സബ്സിഡികള്‍ നേരിട്ട് നല്കുന്ന പദ്ധതിയും പാവപ്പെട്ടവര്‍ക്ക് സഹായകമാകുമെന്നും ലോക ബാങ്ക് സി.ഇ.ഒ പറഞ്ഞു. ലോകസമ്പദ്ഘടനയില്‍ ഇന്ത്യയക്ക് തിളക്കമാര്‍ന്ന സ്ഥാനമാണുള്ളത്. ഈ വര്‍ഷം ഇന്ത്യയ്ക്ക് 7 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ലോകബാങ്ക് പ്രതീക്ഷിക്കുന്നതെന്നും ക്രിസ്റ്റലീന കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ക്രിസ്റ്റലീന ഇന്ത്യയില്‍ എത്തിയത്.
അതേസമയം നോട്ട് നിരോധനം വളര്‍ച്ചാ നിരക്കിനെ ബാധിച്ചുവെന്ന് വിലയിരുത്തുന്ന കേന്ദ്ര സ്റ്റാറ്റിറ്റിക്സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ 7 ശതമാനമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. രണ്ടാംപാദത്തില്‍ 7.3 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. എങ്കിലും പ്രതീക്ഷിച്ചതിലും കൂടിയ വളര്‍ച്ചാ നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
നവംബര്‍ 8ന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് വളര്‍ച്ചാ നിരക്ക് 6.1 ശതമാനത്തിലേക്ക് താഴുമെന്ന് കരുതപ്പെട്ടിരുന്നു. വളര്‍ച്ചാ നിരക്ക് കുറഞ്ഞുവെങ്കിലും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി എന്ന പേര് നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചു. എതിരാളിയായ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല