1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2016

സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ അസാധുവാക്കല്‍, രാജ്യത്തെ ബാങ്കുകളില്‍ തിക്കുംതിരക്കും, എടിഎമ്മുകളില്‍ നിന്ന് ഇന്നുമുതല്‍ 2000 രൂപവരെ പിന്‍വലിക്കാം. ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്നലെ പുതിയ നോട്ടുകള്‍ക്കായി വിവിധ ബാങ്ക് ശാഖകളില്‍ തടിച്ചുകൂടിയത്. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ 2,000, 500 രൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍ വിതരണം ചെയ്തു തുടങ്ങി. പോസ്റ്റ് ഓഫീസുകളിലൂടെയും ഇന്നലെ പണം വിതരണം ചെയ്‌തെങ്കിലും എല്ലായിടത്തും സൗകര്യം ലഭ്യമായിരുന്നില്ല. മിക്കയിടത്തും ഉച്ചയ്ക്ക് മുമ്പേ പണം തീരുകയും ചെയ്തു.

വിദൂരഗ്രാമങ്ങളിലെ പോസ്റ്റ് ഓഫീസുകളിലും ബാങ്ക് ശാഖകളിലും പണമെത്തിക്കാന്‍ കഴിയാതിരുന്നത് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചു. 149 ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ രാജ്യത്താകമാനമുള്ള 1.30 ലക്ഷം ശാഖകളിലൂടെയാണ് പണം വിതരണം ചെയ്തത്. എടിഎം കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനക്ഷമമാകും. നോട്ടുകള്‍ മാറിയെടുക്കാന്‍ എത്തിയവരുടെയും പണം പിന്‍വലിക്കാനെത്തിയവരുടെയും തിരക്ക് ബാങ്ക് ജീവനക്കാരെ ഏറെ വലച്ചു.

മിക്ക ബാങ്ക് മാനേജര്‍മാരും തിരക്ക് നിയന്ത്രിക്കാനാകാത്തതിനെ തുടര്‍ന്ന് പൊലീസിന്റെ സഹായം തേടിയിരുന്നു. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ബാങ്കുകളുടെ മുന്നില്‍ സുരക്ഷാജോലികള്‍ക്കായി പൊലീസ്അര്‍ധസൈനിക വിഭാഗങ്ങളില്‍നിന്നായി 3400 പേരെയാണ് ഇന്നലെ നിയോഗിച്ചത്. കൂടാതെ ദ്രുതകര്‍മ്മ സേനയില്‍ നിന്നും 200 പേരെയും നിയോഗിച്ചിരുന്നു. ഇതിന് പുറമെ എസ്ബിഐ ഉള്‍പ്പെടെയുള്ളവ സ്വന്തനിലയ്ക്കും സുരക്ഷാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.

മണിക്കൂറുകളോളം കാത്തുനിന്നാണ് പലരും പുതിയ നോട്ടുകള്‍ മാറിവാങ്ങിയത്. പലര്‍ക്കും ഒരുദിവസത്തെ ജോലി നഷ്ടമായി. പുതിയനോട്ടുകള്‍ ലഭിച്ചവര്‍ സെല്‍ഫി പകര്‍ത്തുന്നതും ഇന്നലത്തെ പതിവ് ദൃശ്യമായി. ബാങ്ക് ശാഖകളിലും പോസ്റ്റ് ഓഫീസുകളിലും വിവിധ കാരണങ്ങളാല്‍ പണം വിതരണം തുടങ്ങാന്‍ വൈകിയത് പലയിടത്തും സംഘര്‍ഷത്തിനിടയാക്കി.

മുംബൈ ഉള്‍പ്പെടെയുള്ള മെട്രോനഗരങ്ങളിലെ ബ്രാഞ്ചുകളില്‍ പണം തീര്‍ന്നതോടെ അക്കൗണ്ടിലേക്ക് നിക്ഷേപം സ്വീകരിച്ചശേഷം എടിഎമ്മിലൂടെ പിന്‍വലിക്കാമെന്ന് പറഞ്ഞ് ജനങ്ങളെ മടക്കി അയക്കുകയായിരുന്നു. ചില ബാങ്കുകള്‍ തങ്ങളുടെ അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമാണ് പണം മാറ്റിനല്‍കിയത്. അടുത്തദിവസം വരാനാണ് മറ്റുള്ളവരോട് ആവശ്യപ്പെട്ടത്. പല ബാങ്ക് ശാഖകളും പുതിയ അക്കൗണ്ടുകള്‍ തുറക്കാനുള്ള അവസരമായി പുതിയ സാഹചര്യത്തെ മുതലെടുത്തു.

പെട്രോള്‍ പമ്പുകളിലും മെഡിക്കല്‍ സ്റ്റോറുകളിലും റയില്‍വേ സ്റ്റേഷനുകളിലും പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ബാക്കി നല്‍കാന്‍ ചില്ലറയില്ലെന്ന കാരണം പറഞ്ഞ് തിരിച്ചുവിടുകയാണ് ചെയ്തത്.

ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. പരമാവധി ഒരാള്‍ക്ക് ഒരു ദിവസം 4,000 രൂപയുടെ നോട്ടുകളാകും മാറ്റാനാവുക. അതേസമയം എത്ര പണം വേണമെങ്കിലും അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം. ഇന്നു മുതല്‍ എടിഎമ്മുകള്‍ വഴി പ്രതിദിനം ഒരാള്‍ക്ക് 2,000 രൂപ പിന്‍വലിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.