1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2021

സ്വന്തം ലേഖകൻ: കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ ആഭ്യന്തര നിയന്ത്രണങ്ങളും പൂര്‍ണ്ണമായും പിന്‍വലിച്ചിരിക്കുകയാണ് ഡെന്‍മാര്‍ക്ക്. പ്രതിരോധ കുത്തിവെയ്പ്പിന്റെ ഉയര്‍ന്ന തോത്, കോവിഡ് വ്യാപനം പരിമിതപ്പെടുത്താന്‍ രാജ്യത്തിന് തുണയായി. ഇതോടെ 548 ദിവസങ്ങള്‍ക്ക് ശേഷം, നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഈ സ്‌കാന്‍ഡിനേവിയന്‍ രാജ്യം.

പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിന്റെ തെളിവായ ഡിജിറ്റല്‍ പാസ് കൈവശമുള്ള ജനങ്ങള്‍ക്ക് മാത്രമേ ഡെന്‍മാര്‍ക്കില്‍ ഇതുവരെ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഏറ്റവും വലിയ ആരോഗ്യ പരിരക്ഷയായി ഡാനിഷ് സര്‍ക്കാര്‍ കണ്ടിരുന്നത് ഈ പാസ്സായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച മുതല്‍ ഡെന്‍മാര്‍ക്ക് ജനത ഈ പാസ് കൊണ്ടുനടക്കേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായി ഡാനിഷ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍, 12 വയസ്സിന് മുകളിലുള്ള 80% ത്തിലധികം ആളുകളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. നിലവില്‍, കോവിഡിനെ ഒരു ‘സാമൂഹിക ഗുരുതര’ രോഗമായി സര്‍ക്കാര്‍ കാണുന്നില്ല.

തങ്ങള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് നേരത്തെയാണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ലെന്നാണ്, ഡെന്‍മാര്‍ക്കിലെ ആര്‍ഹസ് സര്‍വകലാശാലയിലെ വൈറോളജി പ്രൊഫസറായ സോറന്‍ റിസ് പലൂഡന്‍ പറയുന്നത്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ആവശ്യമെങ്കില്‍, വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഡെന്‍മാര്‍ക്കിലെ നിയന്ത്രണങ്ങളുടെ പിന്‍വലിക്കല്‍ പെട്ടെന്നുള്ളതായിരുന്നില്ല. ഓഗസ്റ്റ് 14 മുതല്‍, പൊതുഗതാഗതത്തില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കിയിരുന്നു. കൂടാതെ സെപ്റ്റംബര്‍ 1 ന്, നൈറ്റ്ക്ലബുകള്‍ വീണ്ടും തുറക്കുകയും മറ്റ് പൊതുയോഗങ്ങള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റെസ്റ്റോറന്റുകള്‍ക്കുള്ളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും സ്‌പോര്‍ട്‌സ് മത്സരങ്ങള്‍, ജിമ്മുകള്‍, ഹെയര്‍ സലൂണുകള്‍ എന്നിവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, ആശുപത്രികളിലേക്കും പരിശോധനാ കേന്ദ്രങ്ങളിലേക്കും എയര്‍പ്പോര്‍ട്ടുകളിലേക്കുമുള്ള യാത്രകളില്‍ ഫെയ്‌സ്ഷീല്‍ഡും മാസ്‌കും ഇപ്പോഴും നിര്‍ബന്ധമാണ്. കൂടാതെ, ഈ സ്ഥലങ്ങളിലേക്ക് എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കാനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്. മാത്രമല്ല, കോവിഡ് വ്യാപനസാധ്യത ഉള്ളതിനാല്‍ അതിര്‍ത്തികളിലേക്കുള്ള മറ്റു രാജ്യക്കാരുടെ പ്രവേശനത്തിനും വിലക്ക് നിലനില്‍ക്കുന്നുണ്ട്.

നിലവില്‍, കോവിഡ് രോഗികളുടെ എണ്ണം 130ല്‍ താഴെ ആണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഡാനിഷ് സര്‍ക്കാര്‍ പറഞ്ഞു. അത് മാത്രമല്ല, സെക്കന്‍ഡ് ഡോസ് എടുത്തവരുടെ സുരക്ഷ കണക്കിലെടുത്ത് അവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വ്യാഴാഴ്ച മുതല്‍ നല്‍കിത്തുടങ്ങുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിരോധശേഷി കൂടുതല്‍ ആവശ്യമുള്ള ഗ്രൂപ്പുകള്‍ക്കായിരിക്കും ആദ്യം കുത്തിവെപ്പ് നടത്തുന്നത്.

“ഡെന്‍മാര്‍ക്കിനെ പോലെ പല രാജ്യങ്ങളും വാക്‌സിന്‍ നടപടികള്‍ ദ്രുതഗതിയിലാക്കുകയും പൊതുജനാരോഗ്യവും സാമൂഹിക നടപടികളും നടപ്പിലാക്കുകയും ചെയ്‌തെങ്കിലും അവിടെയെല്ലാം പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുകയാണ് ഉണ്ടായത്. പക്ഷെ, ഡെന്‍മാര്‍ക്കിലോ? ഇവിടെയുള്ള ജനങ്ങളാണ് യഥാര്‍ത്ഥത്തില്‍ വ്യാപനം കുറക്കാന്‍ സഹായിച്ചത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അതേപടി അനുസരിച്ചത് കാരണമാണ് ഈ മാതൃകാപരമായ നീക്കം കാഴ്ചവെക്കാന്‍ ഡെന്‍മാര്‍ക്കിന് കഴിഞ്ഞത്,“ ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.