1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2017

സ്വന്തം ലേഖകന്‍: വരള്‍ച്ചാ ദുരിതാശ്വാസത്തിനായി എലികളെ കടിച്ചുപിടിച്ച് തമിഴ്‌നാട് കര്‍ഷകരുടെ പട്ടിണി സമരം പ്രധാന വാര്‍ത്തയാക്കി ഡെന്മാര്‍ക്കിന്‍ നിന്നുള്ള പത്രം. ഡെന്‍മാര്‍ക്കിലെ മെട്രോ എക്‌സ്പ്രസ് ന്യൂസ് മാഗസിനാണ് ചത്ത എലിയെ കടിച്ചുപിടിച്ചു നില്‍ക്കുന്ന കര്‍ഷകന്റെ ചിത്രം സഹിതം പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ മൂലയിലേക്ക് ഒതുക്കകയോ അവഗണിക്കുകയോ ചെയ്ത വാര്‍ത്തായായിരുന്നു ഇത്.

ചത്ത എലിയെ വായിലിട്ട് പ്രതിഷേധിക്കുന്ന ഇന്ത്യന്‍ കര്‍ഷകന്‍’ എന്ന തലക്കെട്ടില് പ്രസിദ്ധീകരിച്ച വാര്‍ത്ത ലോക ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. ലോകമൊട്ടാകെ ചിത്രം ചര്‍ച്ചയായതിനെ തുടര്‍ന്ന് അണ്‍ഒഫീഷ്യല്‍ സുബ്രഹ്മണ്യന്‍ സ്വാമി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വാര്‍ത്തയുടെ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. അതോടെ വാര്‍ത്തയും ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ 140 വര്‍ഷങ്ങളിലെ ഏറ്റവും ദുസ്സഹമായ വരള്‍ച്ചയാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഈ വര്‍ഷം നേരിടുന്നത്. മുമ്പ് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളുമായി സമരമാരംഭിച്ച കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം ഏക്കര്‍ കണക്കിന് ഭൂമിയില്‍ കൃഷി ചെയ്തിരുന്നവരാണ്. ഇപ്പോള്‍ കടുത്ത വരള്‍ച്ച കാരണം ഒരേക്കറില്‍ പോലും കൃഷി ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു.

തമിഴ്‌നാടിന്റെ വരള്‍ച്ച പ്രശ്‌നത്തിന് പരിഹാരം കാണുന്ന രീതിയില്‍ കാവേരീ നദീപ്രശ്‌നത്തിന് പരിഹാരം കാണണം, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണം, അറുപതുവയസ്സ് കഴിഞ്ഞ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളുമായാണ് ഇവര്‍ സമരം ചെയ്യുന്നത്.
39,565 കോടി രൂപയാണ് ദുരിതാശ്വാസത്തിനായി തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രം നല്‍കാന്‍ തയ്യാറായത് 2014.45 കോടിയാണ്.

പല രാഷ്ട്രീയ നേതാക്കളും സമരസ്ഥലത്തെത്തി ഇവരെ സന്ദര്‍ശിച്ചുമടങ്ങുകയാണ് ഇപ്പോള്‍. തങ്ങളുടെ ആവശ്യങ്ങള്‍ നേടുംവരെ തലസ്ഥാനം വിട്ടുപോകില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലോട്ടിയുമായും, പാമ്പിനേയും വെള്ളയെലിയേയും കടിച്ചും കര്‍ഷകര്‍ സമരം തുടരുകയാണ്. നൂറുദിവസത്തിന് ശേഷവും തീരുമാനമായില്ലെങ്കില്‍ മരണം വരെ നിരാഹരമിരിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.