1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2021

സ്വന്തം ലേഖകൻ: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചു. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഡെന്നിസ്.

നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് തുടങ്ങി തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ‘നിറക്കൂട്ടുകളില്ലാതെ’ ആത്മകഥയാണ്.

എഴൂത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ (81) അന്തരിച്ചു. തൃശുര്‍ അശ്വിനി ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കേയാണ് അന്ത്യം. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് വിയോഗം. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സംസ്‌കാരം. മാടമ്പ് ശങ്കരന്‍ നമ്പൂതിരി എന്നാണ് മുഴുവന്‍ പേര്. 1941 ജൂണ്‍ 23ന് തൃശൂര്‍ കിരാലൂരിലായിരുന്നു ജനനം.

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകന്‍, നടന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വമായിരുന്നു മാടമ്പിന്റേത്. ജയരാജ് സംവിധാനം ചെയ്ത ‘കരുണം’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മാടമ്പിന് ലഭിച്ചിരുന്നു.

അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ എന്നിവയാണ് പ്രധാന നോവലുകള്‍. മകള്‍ക്ക്, സഫലം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഗൗരീശങ്കരം, കരുണം, ദേശാടനം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതി.

അശ്വത്ഥാമാവ്, ആറാം തമ്പുരാന്‍, ദേശാടനം, ചിത്രശലഭം, അഗ്നിസാക്ഷി, കരുണം, കാറ്റുവന്നു വിളിച്ചപ്പോള്‍, അഗ്നിനക്ഷത്രം, വടക്കുംനാഥന്‍, പോത്തന്‍ വാവ, ആനച്ചന്തം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. രാഷ്ട്രീയത്തിലും മാടമ്പ് കുഞ്ഞുകുട്ടന്‍ ഒരു കൈ പയറ്റിയിരുന്നു. 2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടിരുന്നു. സാവിത്രി അന്തര്‍ജ്ജനമാണ് ഭാര്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.