
സ്വന്തം ലേഖകൻ: യുകെയില്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടിയേറ്റ നിയന്ത്രണ പരിപാടികളുമായി ജനങ്ങളെ കൈയിലെടുക്കാനുള്ള തത്രപ്പാടിലാണ് എല്ലാപാര്‍ട്ടികളും. കുടിയേറ്റം കുറയ്ക്കുന്നതിന് കടുത്ത നടപടികള്‍ സ്വീകരിക്കുന്ന പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമെന്നതുകൊണ്ട് ലേബര്‍ പാര്‍ട്ടിയും ആ വഴിയ്ക്കാണ്.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കുടിയേറ്റം കുറയുന്നതിന് റിഷി സുനാക് സര്‍ക്കാര്‍ ഒട്ടേറെ നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നു. അതില്‍ പ്രധാനപ്പെട്ട നടപടിയായിരുന്നു ആശ്രിത വീസ ലഭിക്കുന്നതിനായി പ്രതിവര്‍ഷം വരുമാനം 29,000 പൗണ്ട് ഉണ്ടായിരിക്കണമെന്ന്. അത് അടുത്തവര്‍ഷം മുതല്‍ 38,700 പൗണ്ട് ആയി വര്‍ദ്ധിക്കുകയും ചെയ്യും. ഇത് മലയാളി സമൂഹത്തിനടക്കം വലിയ തിരിച്ചടിയായിരുന്നു.
ഈ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന വിമര്‍ശനമാണെന്ന അഭിപ്രായംശക്തമായിരുന്നു. പല യുകെ പൗരന്മാരുടെയും വാര്‍ഷിക വരുമാനം ഈ പരിധിയില്‍ അല്ലാത്തതിനാല്‍ ഭാര്യയെയും കുട്ടികളെയും യുകെയില്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന കാര്യം ചര്‍ച്ചയായിരുന്നു . എന്നാല്‍ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനുള്ള സുനാകിന്റെ ഈ നടപടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത് .
ഈ നടപടി കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച യുഎന്‍ കണ്‍വെന്‍ഷന് വിരുദ്ധമാണ് എന്നാണ് പ്രഷര്‍ ഗ്രൂപ്പ് റീയൂണൈറ്റ് ഫാമിലീസ് യുകെ ഈ ആഴ്ച ജുഡീഷ്യല്‍ റിവ്യൂവിനുള്ള അപേക്ഷ സമര്‍പ്പിച്ചു കൊണ്ട് വാദിച്ചത് . ചൊവ്വാഴ്ച നടന്ന ഐടി വി സംവാദത്തില്‍ പ്രധാനമന്ത്രി സുനാകും പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മറും നെറ്റ് മൈഗ്രേഷനെ ചൊല്ലി ഏറ്റുമുട്ടിയിരുന്നു.
2023-ല്‍ 685,000 ആയിരുന്ന നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കാന്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇരു പാര്‍ട്ടികളും സംവാദത്തില്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്‍ തലക്കെട്ട് സൃഷ്ടിച്ച സമയത്താണ് സര്‍ക്കാരിന്റെ കുടിയേറ്റം കുറക്കുന്നതിനുള്ള ഒരു പ്രധാന നടപടി കോടതിയില്‍ ചോദ്യം ചെയ്തത് എന്നത് ശ്രദ്ധേയമാണ്. ഇതില്‍ അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല