1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2025

സ്വന്തം ലേഖകൻ: അമേരിക്കയിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അനധികൃതമായി താമസിക്കുന്ന 1.45 ദശലക്ഷം ആളുകളുടെ പേരുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക പ്രകാരം 18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസിൽ കഴിയുന്നത്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യ-യുഎസ് സഹകരണത്തിൻ്റെ ഭാഗമായി അനധികൃത കുടിയേറ്റം തടയുന്നതിനുളള ശ്രമങ്ങൾ നടക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും. കഴിഞ്ഞ ഒരു വർഷത്തിനിടെ 1,000ത്തിലധികം അനധികൃത താമസക്കാരായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ട്രംപ് അധികാരമേറ്റ ഉടൻ തന്നെ സമവായത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനാലാണ് മതിയായ രേഖകളില്ലാതെ താമസിക്കുന്നവരെ നാടുകടത്താനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നത്. അനധികൃത കുടിയേറ്റത്തിൽ യുഎസ് ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.

അതേസമയം, എച്ച്-1ബി വീസയിൽ വിദേശികൾ എത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയിലേക്ക് കഴിവുള്ള ആളുകൾ വരുന്നതിൽ സന്തോഷമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. എഞ്ചിനീയർമാർ മാത്രമല്ല എല്ലാ മേഖലകളിലും ഉള്ളവർ രാജ്യത്തേക്ക് വരണം. എന്നാൽ യോഗ്യതകൾ ഇല്ലാത്തവരെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ടെസ്‌ല ഉടമയായ എലോൺ മസ്‌കിനെപ്പോലുള്ള ട്രംപിന്റെ അടുത്ത വിശ്വസ്തർ, യോഗ്യതയുള്ള ടെക് പ്രൊഫഷണലുകളെ കൊണ്ടുവരുന്നതിനായി എച്ച്-1ബി വീസയെ പിന്തുണയ്ക്കുമ്പോൾ, മറ്റ് പലരും തദ്ദേശിയരുടെ തൊഴിലവസരം ഇല്ലാതാക്കുന്നു എന്ന് ആരോപിച്ച് അതിനെ എതിർക്കുന്നുണ്ട്. എച്ച്-1ബി വീസയുടെ ഇരു വാദഗതികളെയും അംഗീകരിക്കുന്നു വെന്നും കഴിവുള്ള ആളുകൾ നമ്മുടെ രാജ്യത്തേക്ക് വരാൻ അനുവദിക്കണം എന്നാണ് നിലപാടെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.