1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2016

സ്വന്തം ലേഖകന്‍: ധാക്ക റസ്റ്റോറന്റിലെ ഭീകരാക്രമണം, ആക്രമികളെ തിരിച്ചറിഞ്ഞു, രണ്ടുപേര്‍ അറസ്റ്റിലായതായി സൂചന. ധാക്കയിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ വെള്ളിയാഴ്ച ഭീകരാക്രമണം നടത്തിയത് റോഹന്‍ ഇംതിയാസ്, ഷമീം മുബഷിര്‍, നിബ്രാസ് ഇസ്‌ലാം, ഖൈറുല്‍ ഇസ്‌ലാം പായല്‍ എന്നിവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട അക്രമികളുടെ ചിത്രവും ഫേസ്ബുക്കിലെ ഇവരുടെ ചിത്രങ്ങളും ഒത്തുനോക്കിയാണ് അക്രമികള്‍ ഇവരാണെന്ന് സ്ഥിരീകരിച്ചത്.

ഖൈറുല്‍ ഇസ്‌ലാം ഒഴികെയുള്ളവര്‍ ധാക്കയിലെ പ്രമുഖ സ്‌കൂളുകളില്‍ പഠിച്ചവരും സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരുമാണ്. അക്രമികളില്‍ ഒരാളായ റോഹന്‍ ഇംതിയാസ് ഭരണകക്ഷിയായ അവാമി ലീഗ് നേതാവ് എസ് എം ഇതിയാസ് ഖാന്റെ മകനാണ്. അവാമി ലീഗ് ധാക്ക സിറ്റി ഘടകത്തിന്റെ നേതാവും ബംഗ്ലാദേശ് ഒളിമ്പിക് അസോസിയേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമാണ് ഇംതിയാസ് ഖാന്‍. മകനെ കാണാതായതിനെ തുടര്‍ന്ന് ജനുവരി നാലിന് ഇംതിയാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം ധാക്ക ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായതായി പൊലീസ് ഐ.ജി എ.കെ.എം ശാഹിദുല്‍ ഹഖ് അറിയിച്ചു. എന്നാല്‍, ഇവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. പിടിയിലായ രണ്ടുപേരും അവശനിലയിലാണെന്നും അവരുടെ നില മെച്ചപ്പെട്ടശേഷമേ ചോദ്യം ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ ആശുപത്രിയിലും മറ്റൊരാള്‍ കസ്റ്റഡിയിലുമാണ്. സംഭവസ്ഥലത്തുനിന്ന് ഒരു തീവ്രവാദിയെ പിടികൂടിയതായി നേരത്തെ പ്രധാനമന്ത്രി ശൈഖ് ഹസീന അറിയിച്ചിരുന്നു. എന്നാല്‍, ഇതാരെന്ന് വെളിപ്പെടുത്തിയിട്ടില്ല. പിടിയിലായവര്‍ക്ക് അന്താരാഷ്ട്ര തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ശാഹിദുല്‍ ഹഖ് സൂചന നല്‍കി.

ബംഗ്ലാദേശ് തലസ്ഥാന നഗരത്തെ നടുക്കിയ ഭീകരാക്രമത്തില്‍ ആകെ 20 വിദേശികളാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഐഎസ് ഏറ്റെടുത്തിരുന്നു. അതേസമയം ഭീകരാക്രമണത്തിന് പിന്നില്‍ ഐഎസ് അല്ലെന്നും ജംഇയത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയാണെന്നുമാണ് ബംഗ്ലാദേശ് സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം.

പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ള ജംഇയത്തുല്‍ മുജാഹിദീന്‍ ശൈഖ് ഹസീന സര്‍ക്കാറിനെ അട്ടിമറിക്കാനാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നും ബംഗ്ലാദേശ് ആരോപിക്കുന്നു. എന്നാല്‍ ബംഗ്ലാദേശിന്റെ ആരോപണം പാകിസ്താന്‍ നിഷേധിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.