1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2019

സ്വന്തം ലേഖകൻ: മഞ്ജു വാരിയറുമായി തനിക്ക് ശത്രുതയില്ലെന്ന് നടന്‍ ദിലീപ്. മഞ്ജു വാരിയറുമായി അഭിനയിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനു പ്രശ്‌നമില്ലെന്നും ദിലീപ് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. സിനിമയിലെ കഥാപാത്രത്തിന് മഞ്ജുവല്ലാതെ മറ്റാരും പറ്റില്ലെന്ന അവസ്ഥയുണ്ടായാല്‍ ഒന്നിച്ചഭിനയിക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. താനും മഞ്ജുവുമായി ശത്രുതയില്ലെന്ന് ആവർത്തിച്ച ദിലീപ് തങ്ങൾ തമ്മിൽ ശത്രുതയുണ്ടെന്ന് പലരും പറഞ്ഞുണ്ടാക്കുന്നതാണെന്നും വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്ക് പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കാന്‍ ഇപ്പോള്‍ പറ്റില്ല. അതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കാന്‍ പാടില്ലെന്നതില്‍ എഴുതി ഒപ്പിട്ടിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ പറ്റില്ല. പിന്നീട് എപ്പോഴെങ്കിലും അതേക്കുറിച്ച് സംസാരിക്കാമെന്നും ദിലീപ് വ്യക്തമാക്കി.

സിനിമയാണ് തനിക്കെല്ലാം എന്ന് ദിലീപ് പറഞ്ഞു. സിനിമയാണ് എന്നെ ഇത്രയും വളർത്തിയത്. ഒന്നുമില്ലാത്തെ എന്നെ ഇങ്ങനെയാക്കിയത് സിനിമയാണ്. സിനിമയെ കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കാറുള്ളത്. ജനങ്ങൾ കൂടെയുള്ളതാണ് ഏറ്റവും വലിയ ശക്തിയെന്നും ദിലീപ് പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇന്ന് വിടുതൽ ഹർജി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി നൽകിയത്. ക്വട്ടേഷൻ സംഘം പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചാണ് ദിലീപ്‌ വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.

പ്രത്യേക അനുമതിയോടെ കഴിഞ്ഞദിവസം അഭിഭാഷകനും വിദഗ്‌ധനുമൊപ്പം ദൃശ്യങ്ങള്‍ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണ്‌ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി. ഹര്‍ജിയില്‍ 31ന്‌ കോടതി വാദം കേള്‍ക്കും.

തെളിവായി ലഭിച്ചിട്ടുള്ള ദൃശ്യങ്ങളില്‍ എഡിറ്റിങ്‌ നടന്നിട്ടുണ്ടെന്ന സംശയം ദിലീപ്‌ ഉന്നയിക്കുന്നു. അതിനാല്‍ ദൃശൃങ്ങളുടെ സ്വീകാര്യത സംശയാസ്‌പദമാണെന്ന് ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. പ്രഥമദൃഷ്‌ട്യാ കേസ്‌ നിലനില്‍ക്കില്ലെന്നും ദിലീപ് ആരോപിക്കുന്നു. 10 പ്രതികളില്‍ ആറുപേരും അവരുടെ അഭിഭാഷകരുമാണ്‌ ദൃശ്യങ്ങള്‍ പരിശോധിച്ചത്‌.

കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയാണ് ദിലീപ് വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഹർജി തള്ളിയാൽ ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാൻ അവസരമുണ്ട്. കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.